
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയെ അമേരിക്കക്ക് വിട്ടു നൽകാൻ ധാരണയായി. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പു വെച്ചതായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിത് ജാവിദ് പറഞ്ഞു. ലൈംഗികാരോപണക്കേസിലും യുഎസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസിലും അസാഞ്ചയെ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ധാരണാ പത്രത്തിൽ ബ്രിട്ടൻ ഒപ്പു വെച്ചത്.
2012 മുതല്‍ ഇക്വഡോറിന്‍റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്നു അസാഞ്ചെ. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടെന്ന കേസിലാണ് അമേരിക്ക അസാഞ്ചെയെ കൈമാറണമെന്ന് ആവശ്യപ്പെട്ടത്. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.
ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമായ ജൂലിയൻ പോൾ അസാൻജ് 2006-ലാണ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെയാണ് അസാന്‍ജും വിക്കീലീക്സും ആദ്യമായി ലോകശ്രദ്ധയിലെത്തുന്നത്. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു.
2010-ല്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന്‍റെ വിശദാംശങ്ങളും അമേരിക്കയിലേക്ക് എംബസി ഉദ്യോഗസ്ഥര്‍ അയച്ചു കൊടുത്ത അവലോകന റിപ്പോര്‍ട്ടുകളും ചോര്‍ത്തിയതോടെയാണ് വിക്കീലീക്സ് ലോകത്തെ ശരിക്കും ഞെട്ടിച്ചത്. ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് വിക്കിലീക്ക്സ് പുറത്തു വിട്ടത്. ഇന്ത്യയടക്കം ലോകത്തെ അനവധി രാജ്യങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് വിക്കിലീക്സ് ചോര്‍ച്ച വഴിയൊരുക്കിയത്.
സുഹൃത്ത് രാഷ്ട്രങ്ങളിലടക്കം അമേരിക്ക ചാരപ്പണി നടത്തിയിരുന്നുവെന്ന വിക്കീലീക്സ് പുറത്തു വിട്ട രേഖകള്‍ തെളിയിച്ചു. സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നുമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam