തിരിച്ചുകയറി ഇടതുപക്ഷം; ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

Published : Oct 26, 2026, 08:03 AM IST
Lula da Silva in Election Rally

Synopsis

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മകനെ പരാജയപ്പെടുത്തി ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ വീണ്ടും അധികാരത്തിലെത്തി. 51.8 ശതമാനം വോട്ടുകൾ നേടിയാണ് ലുലയുടെ ഈ ചരിത്ര വിജയം. ദാരിദ്ര്യ നിർമാർജ്ജനവും ക്ഷേമപദ്ധതികളും മുൻനിർത്തിയുള്ള പ്രചാരണമാണ് അദ്ദേഹത്തിന് തുണയായത്.

ബ്രസീലിയ: കരുത്തനായ ഇടതുപക്ഷ നേതാവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനുമായ ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൻ്റെ ഒന്നാം ഘട്ടത്തിൽ മുന്നിലായിരുന്ന മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മകൻ ഫ്ലാവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തിയാണ് ലുലയുടെ വിജയം. സുപ്പീരിയർ ഇലക്ടറൽ കോർട്ടിന്റെ കണക്കുകൾ പ്രകാരം, 51.8 ശതമാനം വോട്ട് ലുല നേടി. ബോൾസൊനാരോയ്ക്ക് 48.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ലാറ്റിൻ അമേരിക്കയിലെ യുഎസ് വിരുദ്ധ ചേരിക്ക് ഏറെ ആവേശകരമാണ് ലുലയുടെ വിജയം. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീൽ. ഇതോടൊപ്പം മെക്സിക്കോയിലും ഇടതുപക്ഷമാണ് ഭരിക്കുന്നത്. മേഖലയിൽ ജനസംഖ്യയിൽ രണ്ടാമതുള്ള രാജ്യമാണ് മെക്സിക്കോ. ബ്രസീലിയൻ ഇലക്ടറൽ കോർട്ട് വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭാര്യ റോസാംഗല ഡ സിൽവയ്ക്കും അനുയായികൾക്കുമൊപ്പം ലുല വിജയം ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടു. നക്ഷത്രാകൃതിയിലുള്ള ചുവന്ന ഗ്ലാസുകൾ ധരിച്ചും ഭാര്യയെ ചുംബിച്ചുകൊണ്ടുമാണ് ലുല സന്തോഷം പങ്കുവെച്ചത്.

അഴിമതി ആരോപണങ്ങളും വിലക്കയറ്റവും ഏറെ വെല്ലുവിളിയായ തെരഞ്ഞെടുപ്പിലാണ് ലുല വിജയം നേടിയത്. വടക്കുകിഴക്കൻ ബ്രസീലിലെ കർഷക കുടുംബത്തിൽ ജനിച്ച ലുല രാജ്യത്തെ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവിൽ നിന്നാണ് പ്രസിഡൻ്റ് പദത്തിലെത്തിയത്. 1980-കളിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം, ഒന്നാം ഘട്ടത്തിൽ രണ്ടാമതെത്തിയ സ്ഥാനാർത്ഥി ജയം നേടുന്നത് ഇതാദ്യമാണ്. 2003 മുതൽ 2011 വരെയാണ് ലുല ആദ്യ രണ്ടുവട്ടം പ്രസിഡന്റായത്. അഴിമതിക്കേസിൽപെട്ട് 2018 മുതൽ 2019 വരെ തടവിൽ കഴിഞ്ഞ ഇദ്ദേഹത്തിൻ്റെ ശിക്ഷ പിന്നീട് മേൽക്കോടതി റദ്ദാക്കി. 2022 ലെ തിരഞ്ഞെടുപ്പിൽ ജെയർ ബോൾസൊനാരോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി.

രാജ്യത്ത് ദാരിദ്ര്യ നിർമാർജ്ജനം സാധ്യമാക്കാൻ ലക്ഷ്യമിട്ടാണ് ലുല ഭരണകൂടം പ്രവർത്തിച്ചത്. എന്നാൽ വിലക്കയറ്റവും ക്രമസമാധാന പ്രശ്നങ്ങളും സർക്കാർ വിരുദ്ധ വികാരം ശക്തമാക്കി. തെരഞ്ഞെടുപ്പ് ഘട്ടത്തിലെത്തിയപ്പോൾ ക്ഷേമപദ്ധതികൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച തീരുമാനം നേട്ടമായി. കോവിഡ് കാലത്തടക്കം ബോൺസനാരോ ഭരണകൂടത്തിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തെ ലുലയും അനുയായികളും നേരിട്ടത്. പരമാവധി പേരെ ബൂത്തിലെത്തിച്ച് വോട്ടെടുപ്പിൽ പങ്കാളികളാക്കാൻ തീവ്രപരിശ്രമം വർക്കേർസ് പാർട്ടി പ്രവർത്തകരുടെ ഭാഗത്തുണ്ടായി. ഇതാണ് ആദ്യഘട്ടത്തിൽ പിന്നിലായിപ്പോയ ലുലയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പന്ത്രണ്ടാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിനൊരുങ്ങി രാജ്യതലസ്ഥാനം, ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
സൗദിക്ക് നേരെ ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന