
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ വൻ മിസൈൽ ആക്രമണ ശ്രമം സൗദി സഖ്യസേന വിജയകരമായി തടഞ്ഞു. ഹൂതികൾ വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വ്യോമപാതയിൽ വെച്ച് തന്നെ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു.
ഹൂതി വിമതർ രാജ്യത്തിന്‍റെ തെക്കൻ മേഖലയിലേക്ക് തൊടുത്ത 10 ബാലിസ്റ്റിക് മിസൈലുകൾ പൂർണമായി തകർക്കുകയും ചെയ്തതായി സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി എക്‌സ് പ്ലാറ്റ്‍ഫോമിൽ സ്ഥിരീകരിച്ചു. ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഒരു ക്രൂയിസ് മിസൈലും സഖ്യസേന വിജയകരമായി തകർത്തു. സൗദി പ്രസ് ഏജൻസി ആണ് ഈ വിവരം പുറത്തുവിട്ടത്.
ആക്രമണ ശ്രമങ്ങളെ തുടർന്ന് സൗദിയിലെ ജിസാൻ പ്രവിശ്യയിൽ അപകട മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ മുന്നറിയിപ്പ് പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. പ്രവിശ്യയിലെ അപകടസാധ്യത ഒഴിവായതായി വ്യക്തമാക്കിയ അധികൃതർ, ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്നും ആക്രമണം നടന്ന സ്ഥലങ്ങളിൽ തടിച്ചുകൂടാനോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശിച്ചു.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെയോ അവ തടയുന്നതിന്‍റെയോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം പ്രവൃത്തികൾ ചെയ്യുന്നവർ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സിവിൽ ഡിഫൻസ് എക്‌സിലൂടെ മുന്നറിയിപ്പ് നൽകി. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ 998 എന്ന നമ്പറിൽ ബന്ധപ്പെടാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. യെമനിൽ നിന്നുള്ള ഹൂതി ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സൗദി അതിർത്തി പ്രദേശങ്ങളിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam