ട്രെയിനിങ് ഫലിച്ചില്ല, വൈറ്റ് ഹൗസിൽ വീണ്ടും ഭീതി പരത്തി ബൈഡന്റെ 'മേജർ'

By Web TeamFirst Published Mar 31, 2021, 4:14 PM IST
Highlights

"അവനൊരു പാവം പട്ടിയാണ്..." എന്നായിരുന്നു വിവരമറിഞ്ഞ ശേഷമുള്ള ബൈഡന്റെ പ്രതികരണം. 

'മേജർ' എന്നാണ് ഈ നായയുടെ പേര്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ രണ്ടു ജർമൻ ഷെഫേർഡുകളിൽ ഇളയവനാണിവൻ. വൈറ്റ് ഹൗസിലെ ആദ്യത്തെ റെസ്ക്യൂ ഡോഗും. ഈ മാസം ആദ്യം, വൈറ്റ് ഹൗസ് ജീവനക്കാരിൽ ഒരാൾ മേജറുടെ പല്ലിന്റെ സ്വാദറിഞ്ഞതിനു പിന്നാലെ അവനെ ഡെലാവെയറിൽ പ്രത്യേക പരിശീലനത്തിന് പറഞ്ഞുവിട്ടിരുന്നു. എന്നാൽ, ആ പരിശീലനം പൂർത്തിയാക്കി വന്നു ദിവസങ്ങൾക്കുള്ളിൽ വീണ്ടും, പ്രഭാത സവാരിക്കിടയിൽ മറ്റൊരു ജീവനക്കാരനെ കടിച്ച് പ്രശ്നമുണ്ടാക്കിയിരിക്കുകയാണ് മേജർ. 

"അവനൊരു പാവം പട്ടിയാണ്..." എന്നായിരുന്നു വിവരമറിഞ്ഞ ശേഷമുള്ള ബൈഡന്റെ പ്രതികരണം. "മേജർ ഇപ്പോഴും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. അതാണ് ഇങ്ങനെ ഒരു സംഭവമുണ്ടാവാനുള്ള കാരണം" ബൈഡന്റെ വക്താവായ മൈക്കൽ ലാ റോസാ പറഞ്ഞു. സൗത്ത് ലോണിലെ നാഷണൽ പാർക്ക് ജീവനക്കാരനാണ് മേജറിന്റെ കടിയേറ്റത് എന്നും, ഉടനടി അദ്ദേഹത്തിന് വേണ്ട വൈദ്യ പരിചരണം ലഭ്യമാക്കി എന്നും വൈറ്റ് ഹൗസ് അറിയിച്ചു. മേജറിന് പുറമെ ചാംപ് എന്ന പേരിൽ മറ്റൊരു ജർമൻ ഷെഫേർഡ് നായും ജോ ബൈഡനുണ്ട്. 

ബൈഡന്റെ വീട്ടിൽ നിന്ന് വൈറ്റ് ഹൗസിൽ വന്ന അന്നുതൊട്ടേ മേജർ മുന്നിൽ വരുന്ന വൈറ്റ് ഹൗസ് ജീവനക്കാർക്ക് നേരെയെല്ലാം കുരച്ചു ചാടുന്നുണ്ടായിരുന്നു എന്ന് വൈറ്റ് ഹൗസിലെ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പരിചയമില്ലാത്ത ഇടങ്ങളിൽ നിയോഗിക്കപ്പെടുമ്പോൾ, അപ്രതീക്ഷിതമായി മുന്നിൽ വരുന്ന അപരിചിതരെ കാണുമ്പോൾ നായ്ക്കൾ പരിഭ്രമിച്ചേക്കും എന്നും, സ്വയരക്ഷയ്ക്കാണ് മേജർ കടിച്ചത് എന്നും ചില വൈറ്റ് ഹൗസ് ജീവനക്കാർ പറഞ്ഞു. വൈറ്റ് ഹൗസിലെ 85 ശതമാനം പേരോടും തികഞ്ഞ സൗഹൃദത്തോടെ മാത്രമാണ് മൂന്നുവയസ്സുകാരനായ മേജർ ഇന്നുവരെ പെരുമാറിയിട്ടുള്ളത് എന്നും അവർ പറയുന്നു. 

click me!