
മോസ്കോ: റഷ്യയിലെ ക്രിമിയയിൽ വൻ വിമാന ദുരന്തം. റഷ്യൻ സൈനിക വിമാനമായ ആന്റോനോവ്-26 തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 29 പേരും അപകടത്തിൽ മരിച്ചതായാണ് റഷ്യ സ്ഥിരീകരിക്കുന്നത്. ക്രീമിയയിലെ മലയിടുക്കിലാണ് സൈനിക വിമാനം തകർന്നുവീണതെന്നാണ് ബുധനാഴ്ച റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദമാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തക സംഘം വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്തുകയായിരുന്നു.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനമായതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.40 പേർക്കാണ് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. മിസൈലുകൾ പോലുള്ളവ പതിച്ചതായുള്ള തകരാറുകൾ വിമാനത്തിൽ കണ്ടെത്താനായിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. 1960 മുതൽ റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ള വിമാനങ്ങളിലൊന്നാണ് അപകടത്തിൽപ്പെട്ടത്.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ഉടനടി ആരംഭിച്ചതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി. യുക്രെയ്നുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ക്രിമിയൻ മേഖലയിൽ നടക്കുന്ന ഇത്തരം അപകടങ്ങളെ അന്താരാഷ്ട്ര നിരീക്ഷകർ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. എങ്കിലും, വിമാനം വെടിവെച്ചിട്ടതാണെന്നതിനോ ശത്രുപക്ഷത്തിന്റെ ഇടപെടലോ ഉണ്ടായതിനോ നിലവിൽ തെളിവുകളൊന്നുമില്ലെന്ന് റഷ്യ അറിയിച്ചു. കൊലപ്പെട്ടവരിൽ എത്രപേർ സൈനിക ഉദ്യോഗസ്ഥരാണെന്നോ വിമാനത്തിൽ എന്തൊക്കെ സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam