
വാഷിംഗ്ടൺ: ലോകത്തെ മുൻനിര ടെക് കമ്പനികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും മുൾമുനയിൽ നിർത്തി വമ്പൻ സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് അമേരിക്കൻ കമ്പനികൾ ഉപയോഗിക്കുന്ന 'ആക്സിയോസ്' എന്ന ജനപ്രിയ സോഫ്റ്റ്‌വെയർ പാക്കേജിൽ ഉത്തരകൊറിയൻ ഹാക്കർമാർ നുഴഞ്ഞുകയറിയതായാണ് സുരക്ഷാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മാസങ്ങൾ നീണ്ടുനിന്നേക്കാവുന്ന ഈ സപ്ലൈ-ചെയിൻ ആക്രമണത്തിലൂടെ കോടിക്കണക്കിന് ഡോളറിന്‍റെ ക്രിപ്‌റ്റോ കറൻസി മോഷ്ടിക്കാനാണ് പ്യോങ്യാങ് ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച രാവിലെ വെറും മൂന്ന് മണിക്കൂർ നേരത്തേക്ക് ആക്സിയോസ് സോഫ്റ്റ്‌വെയർ ഡെവലപ്പറുടെ അക്കൗണ്ട് ഹാക്കർമാർ കൈക്കലാക്കുകയായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്ത എല്ലാ സ്ഥാപനങ്ങളിലേക്കും മാരകമായ വൈറസുകൾ പടർന്നുപിടിച്ചു. ആരോഗ്യ മേഖല മുതൽ ധനകാര്യ സ്ഥാപനങ്ങൾ വരെ വെബ്സൈറ്റ് മാനേജ്മെന്‍റിനായി ആക്സിയോസിനെ ആശ്രയിക്കുന്നതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി പ്രവചനാതീതമാണ്. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള സൈബർ ഇന്‍റലിജൻസ് സ്ഥാപനമായ മാൻഡിയന്‍റ് (Mandiant), ഈ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കിംഗ് ഗ്രൂപ്പാണെന്ന് സ്ഥിരീകരിച്ചു.
ഉത്തരകൊറിയയുടെ ആണവായുധ-മിസൈൽ പരീക്ഷണങ്ങൾക്കായി പണം കണ്ടെത്താനാണ് ഇത്തരം ഡിജിറ്റൽ കവർച്ചകൾ നടത്തുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം മാത്രം ഒറ്റ ആക്രമണത്തിലൂടെ 1.5 ബില്യൺ ഡോളറിന്‍റെ ക്രിപ്‌റ്റോ കറൻസിയാണ് ഇവർ തട്ടിയെടുത്തത്. ഉത്തരകൊറിയയുടെ മിസൈൽ പദ്ധതിയുടെ പകുതിയോളം ഫണ്ടും ഇത്തരം സൈബർ തട്ടിപ്പുകളിലൂടെയാണ് സമാഹരിക്കുന്നതെന്ന് വൈറ്റ് ഹൗസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജ്യാന്തര ഉപരോധങ്ങൾക്കിടയിലും സൈബർ ലോകത്തെ ഈ കള്ളപ്പണം പ്യോങ്യാങ്ങിന് വലിയ കരുത്താണ് നൽകുന്നത്.
ആധുനിക കാലത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുമ്പോൾ ആവശ്യമായ പരിശോധനകൾ നടക്കാത്തതാണ് ഇത്തരം ആക്രമണങ്ങൾ എളുപ്പമാക്കുന്നതെന്ന് സുരക്ഷാ ഗവേഷകർ പറയുന്നു. സോഫ്റ്റ്‌വെയർ വിതരണ ശൃംഖലയിലെ ഈ വിള്ളൽ വഴി കടന്നുകൂടിയ ഹാക്കർമാർ പല വൻകിട കമ്പനികളുടെയും രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. എത്രത്തോളം ഡാറ്റ ചോർത്തപ്പെട്ടു എന്ന് കണ്ടെത്താൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam