
ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ കാർ ഷോറൂം സമുച്ചയത്തിലുണ്ടായ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഷിജിൻ പോളാണ് (27) മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. കടുത്ത വേനലിൽ പടർന്നുപിടിച്ച തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിലാണ് പ്രവാസി യുവാവ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറ്റിൽ മൾട്ടിമീഡിയ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റും വീഡിയോഗ്രാഫറും ആയിരുന്നു ഇദ്ദേഹം.
ഷിജിന്റെ വേർപാടിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സഹപ്രവർത്തകരും കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളും. ഷോറൂമിന് സമീപത്ത് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ ദുരന്തമുണ്ടായതെന്ന് കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ആബിദ് ‘ഗൾഫ് ന്യൂസി’നോട് പറഞ്ഞു.
"ഷോറൂമിന് തൊട്ടടുത്തുള്ള ഗാരേജിന് സമീപത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ആളുകൾ ബഹളം വെച്ചതോടെ ഞാനും ഷിജിനും ഉൾപ്പെടെ പലരും പുറത്തേക്ക് ഓടി. എന്റെ തൊട്ടുമുന്നിൽ, ഏകദേശം മൂന്ന് മീറ്റർ അകലെയാണ് ഷിജിൻ ഉണ്ടായിരുന്നത്. അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നാണ് വലിയ സ്ഫോടനമുണ്ടായത്. ജീവനും കൊണ്ട് എല്ലാവരും ചിതറിയോടി. എന്നാൽ ഷിജിന് സ്ഫോടനത്തിൽ പരിക്കേറ്റ കാര്യം പിന്നീട് ആശുപത്രിയിൽ നിന്നാണ് അറിയുന്നത്"-ആബിദ് കൂട്ടിച്ചേർത്തു.
എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ ജോലിയിൽ പ്രവേശിച്ചത്. കമ്പനിയുടെ പ്രൊമോഷണൽ റീലുകൾ തയ്യാറാക്കുന്നതിൽ ഏറെ മിടുക്കനായിരുന്നു ഷിജിനെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. എട്ടു വർഷത്തെ പ്രണയത്തിന് ശേഷം 2025-ലായിരുന്നു ഷിജിന്റെ വിവാഹം. ആദ്യമായി നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ഭാര്യയെക്കൂടി ദുബായിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം.
ജുമൈറയിലെ താമസസ്ഥലത്തുനിന്നും ജോലിസ്ഥലത്തേക്ക് കടുത്ത വേനലിൽ രണ്ട് ബസുകൾ കയറി വേണമായിരുന്നു ഷിജിന് യാത്ര ചെയ്യാൻ. ഓഫീസ് ദൂരം കുറയ്ക്കാനായി കഴിഞ്ഞ ആഴ്ചയാണ് ഷിജിൻ പുതിയ താമസസ്ഥലത്തേക്ക് മാറിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam