
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയില്‍ ചെണ്ട മേളത്തില്‍ വിസ്മയം തീര്‍ത്ത് പ്രവാസി മലയാളികള്‍. വിവിധ തൊഴില്‍ മേഖലകളിലായി വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയെങ്കിലും ജനിച്ച നാടിന്‍റെ താളം വിട്ട് കളയാന്‍ ഒരുങ്ങാത്ത ഒരു കൂട്ടം മലയാളികളാണ് പാഞ്ച വാദ്യ വേദിയിലുള്ളത്. പെനിസില്‍വാനിയ, ന്യൂ ജേഴ്സി എന്നിവിടങ്ങളിലെ മലയാളികളുടേതാണ് ഈ കൂട്ടായ്മ. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജിത് നായര്‍ എന്ന കലാപ്രേമിയാണ് പാഞ്ചയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലായാണ് പഞ്ച വാദ്യ പ്രേമികളായ ഈ മലയാളികള്‍ താമസിക്കുന്നതെങ്കിലും പരിപാടികള്‍ക്കായി തിരക്കുകള്‍ മാറ്റി വച്ച് ഇവര്‍ ഒന്നിച്ച് എത്തും. പുരുഷ വനിതാ വ്യത്യാസമില്ലാതെ ചെണ്ട പരിശീലനവുമായാണ് ഈ കൂട്ടായ്മ ആരംഭിക്കുന്നത്. സംഗീതത്തിനൊപ്പം ചെണ്ട മേളവും എന്ന നിലയില്‍ നിന്ന് ചെണ്ട മേളം എന്ന നിലയിലേക്ക് പാഞ്ച ഇക്കാലയളവില്‍ പുരോഗമിച്ചിട്ടുണ്ട്. കലാമണ്ഡലം ശിവദാസ് ആശാനാണ് മേളത്തില്‍ പാഞ്ചയുടെ ഗുരു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും നടക്കുന്നുണ്ട്. ജോലി തിരക്കുകള്‍ക്ക് ശേഷം എത്ര ക്ഷീണിതരാണെങ്കിലും ചെണ്ട പരിശീലനത്തിന് ഗ്രൂപ്പിലെ എല്ലാരും ഒരു പോലെ താല്‍പര്യം കാണിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
ചെണ്ട മേളം സീരിയസായി ആളുകളുടെ ശ്രദ്ധയിലെത്തിയതോടെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ ഓഫീസിലെ കേരള പിറവി ആഘോഷങ്ങളിലും പാഞ്ച ഭാഗമായി. പുതിയ അംഗങ്ങളെ ഗ്രൂപ്പിലെടുക്കുമോയെന്ന് ആവശ്യവുമായി നിരവധി മലയാളികള്‍ എത്തുന്നുണ്ടെന്നും സഞ്ജിത് നായര്‍ വിശദമാക്കുന്നു. രണ്ട് വര്‍ഷത്തെ കഠിന പ്രയത്നത്തിനൊടുവില്‍ ശക്തമായ ഗ്രൂപ്പായി മാറാന്‍ പാഞ്ചയ്ക്ക് സാധിച്ചിട്ടുണ്ട്.
സംഘത്തിലെ വനിതാ സാന്നിധ്യമായ അപര്‍ണ മേനോന്‍ അമേരിക്കയിലെ ടി ബി ബാങ്കിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആണ്. കണക്ക് പോലെ തന്നെ സുന്ദരമായ താളമാണ് ചെണ്ടയുടേതെന്നാണ് അപര്‍ണ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്. ഇതിനോടകം നിരവധി വേദികളിലാണ് പാഞ്ച ചെണ്ട മേളം അവതരിപ്പിച്ചിട്ടുള്ളത്. മറുനാട്ടിലാണെങ്കിലും വേരുകള്‍ മറക്കാതിരിക്കാന്‍ മറുനാടന്‍ മലയാളികളെ പാഞ്ചയുടെ മേളം സഹായിക്കുന്നുണ്ടെന്നാണ് ഇവരുടെ പ്രേക്ഷകരുടെ പ്രതികരണം.