
ദില്ലി: മാലിദ്വീപ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 25, 26 തീയതികളിലാണ് മാലദ്വീപിന്‍റെ സ്വാതന്ത്ര്യദിനാഘോഷം. ജൂലൈ 26 ന് നടക്കുന്ന മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായിരിക്കുമെന്നും പരസ്പര സഹകരണമുള്‍പ്പെട്ടെ വിവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയോടുള്ള മാലദ്വീപിന്‍റെ സമീപനത്തിലെ മാറ്റമായിട്ടാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. നേരത്തെ മുഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ 'ഇന്ത്യ ഔട്ട്' എന്ന പ്രചാരണം നടത്തുകയും ഇന്ത്യയോടുള്ള നയതന്ത്ര ബന്ധത്തില്‍ അകലം പാലിക്കുകയും ചെയ്തിരുന്നു. ദ്വീപിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ബന്ധം കൂടുതൽ വഷളായി. മെയ് മാസത്തോടെ ഇന്ത്യ സൈനിക പിന്മാറ്റം പൂർത്തിയാക്കി. പിന്നീട് ചൈനയുമായി മാലദ്വീപ് കൂടുതല്‍ അടുത്തു.
എന്നാല്‍, ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലദ്വീപ് ഉപേക്ഷിച്ചതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായതോടെ രാജ്യത്തിന്‍റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലായി. തുടര്‍ന്നാണ് നയം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. മാലദ്വീപിന്റെ നിലവിലുള്ള കടബാധ്യതയും പുനഃനിര്‍മാണ ആവശ്യങ്ങള്‍ക്കും ചൈന മുഖം തിരിച്ചതോടെ ഗൾഫ് രാജ്യങ്ങളുമായും ബദൽ പങ്കാളിത്തങ്ങൾ നേടാനുള്ള മുയിസുവിന്‍റെ ശ്രമവും പരാജയപ്പെട്ടു. സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ അനുകൂലമായിട്ടല്ല മാലദ്വീപിനോട് പ്രതികരിച്ചത്.
ഇന്ത്യ തന്നെയാണ് ഇപ്പോഴും മാലദ്വീപിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇന്ത്യ നല്‍കിയ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് 2024 സെപ്റ്റംബറിൽ മുയിസു അധികാരത്തില്‍ തുടര്‍ന്ന്. 757 മില്യൺ യുഎസ് ഡോളറിന്‍റെ സഹായമാണ് ഇന്ത്യ നല്‍കിയത്. വടക്കൻ മാലിദ്വീപിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളം, തെക്കൻ മാലിദ്വീപിലെ പാലം, റോഡ് പദ്ധതി, തലസ്ഥാനമായ മാലിയിലെ ഭവന വികസന പദ്ധതി, മാലദ്വീപിനെ പടിഞ്ഞാറൻ പ്രാന്തപ്രദേശ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലം എന്നിവയുൾപ്പെടെ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും ഇന്ത്യ സഹായിച്ചു.
ബന്ധങ്ങളിലെ പിരിമുറുക്കം പരിഹരിക്കുന്നതിനായി മുയിസു ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ യാത്രയിലാണ് മുയിസു മോദിയെ മാലദ്വീപിലേക്ക് ക്ഷണിച്ചത്. പിന്നീട് വിദേശകാര്യ മന്ത്രി അബ്ദുള്ള ഹലീൽ ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രിയെ ദ്വീപ് സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam