
കോബ്രി: അഞ്ച് ഇന്ത്യക്കാരെ മാലിയിൽ തട്ടിക്കൊണ്ട് പോയി. മാലിയിലെ കോബ്രിയിൽ നിന്നാണ് അഞ്ച് ഇന്ത്യക്കാരെയാണ് തോക്കിൻ മുനയിൽ തട്ടിക്കൊണ്ട് പോയത്. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ട് പോകൽ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആയുധധാരികളായ സംഘം ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. സായുധ തീവ്രവാദ ജിഹാദി സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. മാലിയിൽ വൈദ്യുതീകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് തട്ടിയെടുത്തത്. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി. എന്നാൽ തട്ടിക്കൊണ്ട് പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിലവിൽ സൈന്യമാണ് മാലിയിൽ ഭരണം നിയന്ത്രിക്കുന്നത്.
ക്രിമിനൽ സംഘങ്ങളും അൽ ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ പതിവായ സാഹചര്യമാണ് നിലവിലുള്ളത്. വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ട് പോകലും മേഖലയിൽ പതിവാണ്. സെപ്തംബറിൽ ജിഹാദി സംഘം രണ്ട് എമിറൈറ്റ് സ്വദേശികളേയും ഒരു ഇറാൻ സ്വദേശിയേയും തട്ടിക്കൊണ്ട് പോയിരുന്നു. 50 ദശലക്ഷം ഡോളർ കൈമാറിയാണ് ഇവരെ വിട്ടയച്ചത്. സാമ്പത്തിക പ്രതിസന്ധി മാലിയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാക്കിയ സാഹചര്യമാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam