
ബമാകോ: മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ സൈന്യം തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ഭരണകൂടവും പാർലമെന്റും പിരിച്ചുവിടുന്നുവെന്നും അദ്ദേഹം അറിയിച്ചു. താൻ ഭരണത്തിൽ തുടരുന്നതു കാരണം രാജ്യത്ത് രക്തചൊരിച്ചിൽ ഉണ്ടാകരുതെന്ന ആമുഖത്തോടെയാണ് ഇബ്രാഹിം ബൗബക്കർ കെയ്റ്റ രാജിവയ്ക്കുന്ന വിവരം പ്രഖ്യാപിച്ചത്.
സൈന്യത്തിലെ ചില വിഭാഗങ്ങള്‍ക്ക് അവരുടെ ഇടപെടലില്‍ ഇതെല്ലാം അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം അതിനാല്‍ തന്നെ എനിക്ക് വേറെ വഴികള്‍ ഒന്നുമില്ല -ബൗബക്കർ കെയ്റ്റ രാജിയെക്കുറിച്ച് പറഞ്ഞു. തലസ്ഥാനമായ ബമാകോയ്ക്ക് പുറത്ത് ഒരു സൈനിക താവളത്തിലാണ് കെയ്റ്റയെ സൈന്യം തടവിലാക്കിയിരിക്കുന്നത്.
നേരത്തെ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉള്ള പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇബ്രാഹിം ബൗബക്കർ കെയ്റ്റ ആയുധമേന്തിയ കുറച്ച് സൈനികരുടെ നടുവില്‍ ഇരിക്കുന്ന ഈ വീഡിയോ ദൃശ്യത്തിന്റെ ആധികാരികത വ്യക്തമല്ലെന്നാണ് റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരു മാസത്തോളമായി ഇബ്രാഹിം ബൗബക്കർ കെയ്റ്റയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് കനത്ത പ്രക്ഷോഭം അരങ്ങേറുകയാണ്. ഇത് രാജ്യത്തെ സുരക്ഷ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലേക്ക് വളര്‍ന്നിരുന്നു. രാജ്യത്ത് സജീവമായി മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ ഇബ്രാഹിം ബൗബക്കർ കെയ്റ്റയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയത് വലിയ പ്രശ്നമായി വളരും എന്ന രീതിയില്‍ നില്‍ക്കുമ്പോഴാണ് സൈന്യത്തിന്റെ ഇടപെടലുണ്ടായത്.
അതേസമയം ഭരണം ഔദ്യോഗികമായി സൈന്യം ഏറ്റെടുത്തോ എന്ന് വ്യക്തമല്ല. അങ്ങനെ സൈന്യം ഭരണം പിടിച്ചെടുത്താൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam