പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം

Published : Dec 06, 2025, 03:12 PM IST
grossglockner

Synopsis

ഓസ്ട്രിയയിലെ ഗ്രോസ്ഗ്ലോക്ക്നർ പർവതാരോഹണത്തിനിടെ മോശം കാലാവസ്ഥയിൽ കാമുകിയെ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് 33-കാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. പരിചയസമ്പന്നനായ പർവതാരോഹകനായ 39-കാരനായ കാമുകനെതിരെ അശ്രദ്ധമൂലമുള്ള നരഹത്യയ്ക്ക് കേസെടുത്തു.

വിയന്ന: ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പർവതമായ ഗ്രോസ്ഗ്ലോക്ക്നർ ട്രക്കിങ്ങിനിടെ കാമുകി മരിച്ചതിൽ 39കാരനെതിരെ കേസ്. തണുത്ത് മരവിച്ച പ്രദേശത്ത് 33 വയസ്സുള്ള കാമുകിയെ ഉപേക്ഷിച്ചതിന് 39 വയസ്സുള്ള ഓസ്ട്രിയൻ യുവാവിനെതിരെ നരഹത്യക്കുറ്റം ചുമത്തിയതായി ദി മെട്രോ റിപ്പോർട്ട് ചെയ്തു. കഠിനമായ ശൈത്യകാലത്ത് 12,460 അടി ഉയരമുള്ള കൊടുമുടിക്ക് 150 അടി താഴെയാണ് യുവതി മരിച്ചത്.

സാൽസ്ബർഗിൽ നിന്നുള്ള പരിചയസമ്പന്നനായ പർവതാരോഹകനായ കാമുകൻ സഹായം തേടാൻ പോയപ്പോൾ ആറ് മണിക്കൂറിലധികം യുവതി ഒറ്റപ്പെട്ടുവെന്നും പറയുന്നു. കാമുകന്റെ അശ്രദ്ധകാരണമാണ് യുവതി മരിച്ചതെന്നും അശ്രദ്ധമൂലമുള്ള നരഹത്യയ്ക്ക് കേസെടുത്തെന്നും മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ദമ്പതികൾ രണ്ട് മണിക്കൂർ വൈകിയാണ് മലകയറ്റം ആരംഭിച്ചതെന്നും ശരിയായ അടിയന്തര ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അപകടകരമായ ആൽപൈൻ ഭൂപ്രദേശത്തേക്ക് അനുയോജ്യമല്ലാത്ത ഗിയർ, സ്പ്ലിറ്റ്ബോർഡ്, മൃദുവായ സ്നോ ബൂട്ടുകൾ എന്നിവയാണ് യുവതി ധരിച്ചത്. ഈ സമയം, 46 മൈൽ വേഗതയിൽ കാറ്റും മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുന്ന താപനിലയുമായിരുന്നു.

അപകട സൂചനകൾ കാമുകൻ അവഗണിച്ചുവെന്നും, പങ്കാളിയുടെ അനുഭവക്കുറവ് വകവയ്ക്കാതെ കയറ്റം തുടർന്നുവെന്നും പറയുന്നു. സാഹചര്യം മോശമായിട്ടും രാത്രിയാകുന്നതിന് മുമ്പ് അടിയന്തര സേവനങ്ങളെ വിളിക്കാൻ പരാജയപ്പെട്ടുവെന്നും അധികൃതർ പറയുന്നു. ഫോൺ സൈലന്റ് ചെയ്തിരുന്നതിനാൽ രക്ഷാപ്രവർത്തകരിൽ നിന്ന് നിരവധി കോളുകൾ ഇയാൾ നഷ്ടപ്പെടുത്തി. പുലർച്ചെ 3:30 ന് മാത്രമാണ് അദ്ദേഹത്തിന് ദുരന്ത നിവാരണ കോൾ ലഭിച്ചത്. രാവിലെ 10 മണിയോടെ രക്ഷാപ്രവർത്തകർ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. പുലർച്ചെ ശക്തമായ കാറ്റിൽ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനവും വൈകി.

സംഭവം ഒരു ദാരുണമായ അപകടമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. കേസ് 2026 ഫെബ്രുവരി 19 ന് ഇൻസ്ബ്രക്ക് റീജിയണൽ കോടതിയിൽ പരിഗണിക്കും.

PREV
Read more Articles on
click me!

Recommended Stories

ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ