
വാഷിംഗ്ടൺ: വെനസ്വേലയുടെ തീരത്ത് ഡബിൾ ടാപ് ആക്രമണത്തിൽ തകർന്ന കപ്പൽ പുറപ്പെട്ടത് അമേരിക്കയിലേക്ക് അല്ലെന്ന് റിപ്പോർട്ട്. സെപ്തംബർ 2നുണ്ടായ ആക്രമണത്തിൽ തകർന്ന കപ്പലിലുണ്ടായിരുന്നവർ മറ്റൊരു കപ്പലിലേക്ക് പുറപ്പെട്ടതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിലേക്ക് പുറപ്പെട്ട കപ്പലാണ് അമേരിക്ക ഡബിൾ ട്രാപ് ആക്രമണ രീതിയിൽ തകർത്തത്. ഓപ്പറേഷന് മേൽനോട്ടം വഹിച്ച അഡ്മിറൽ ആണ് ഇക്കാര്യം വ്യാഴാഴ്ച നിയമസഭാംഗങ്ങളോട് വിശദമാക്കിയത്. ലഹരി മറ്റൊരു കപ്പലിലേക്ക് കൈമാറാൻ പോവുന്നുവെന്ന ഇന്റലിജൻസ് വിവരമായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നതെന്നാണ് നേവി അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി വിശദമാക്കിയത്. എന്നാൽ ലഹരി കൈമാറ്റം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ കപ്പൽ കണ്ടെത്താൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴും ആ കപ്പൽ സുരിനാമിൽ നിന്ന് അമേരിക്കയിലെത്തിയേക്കാനുള്ള സാധ്യത അവഗണിക്കാനാവില്ലെന്നാണ് ഫ്രാങ്ക് ബ്രാഡ്ലി വാദിക്കുന്നത്. അമേരിക്കയിലേക്ക് പുറപ്പെട്ടത് അല്ലെങ്കിൽ കൂടിയും ചെറിയ ബോട്ട് ആക്രമിച്ചതിനെ ഫ്രാങ്ക് ബ്രാഡ്ലി ന്യായീകരിച്ചു. സുരിനാമിൽ നിന്ന് പ്രധാനമായും ലഹരി എത്തുന്നത് യൂറോപ്യൻ മാർക്കറ്റിലേക്കാണ്. അടുത്ത കാലത്തായി അമേരിക്കയിലേക്ക് ലഹരി എത്തുന്നത് പസഫിക് സമുദ്രത്തിലൂടെയാണ്.
ഒന്നിലേറെ തവണ ബോട്ട് ആക്രമിച്ച് അതിലുണ്ടായിരുന്നവരെ എല്ലാം തന്നെ കൊലപ്പെടുത്തിയതിൽ ട്രംപ് സർക്കാരിനെതിരെ വീണ്ടും വിമർശനം ഉയർത്തുന്നതാണ് നാവിക സേനാ അഡ്മിറലിന്റെ വെളിപ്പെടുത്തൽ. ആക്രമണം നടന്നതിന് പിന്നാലെ ട്രിനിനാഡിലേക്ക് പുറപ്പെട്ട ബോട്ട് ആക്രമിച്ചുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിശദമാക്കിയ സമയത്ത് അമേരിക്കയിലേക്ക് പുറപ്പെട്ട ഭീകരവാദികളുടെ കപ്പൽ തകർത്തുവെന്നാണ് ട്രംപ് പ്രതികരിച്ചു. അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് കപ്പൽ ആക്രമണത്തിന് ഇരയാവുന്നതിന് മുൻപ് ഗതി തിരിച്ചതായുമാണ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ കമാൻഡറായ അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി വിശദമാക്കിയത്. അമേരിക്കൻ സൈന്യം നാല് തവണയാണ് ഈ കപ്പൽ ആക്രമിച്ചത്. ആദ്യ ആക്രമണത്തിൽ കപ്പൽ നടുവെ പിളർന്നു. കപ്പലിലുണ്ടായിരുന്ന രണ്ട് പേർ തകർന്ന ഭാഗത്ത് തൂങ്ങിക്കിടക്കുകയായിരുന്നു.
ഈ സമയത്താണ് രണ്ടും മൂന്നും നാലാമത്തെ ആക്രമണം ഒന്നിന് പുറകെ ഒന്നായി ഉണ്ടായത്. പിന്നാലെ കപ്പൽ പൂർണമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്നവർ കീഴടങ്ങാനുള്ള ശ്രമം നടത്തിയത് പോലും പരിഗണിക്കാതെ ആയിരുന്നു ആക്രമണം എന്നാണ് വ്യാപകമാവുന്ന വിമർശനം. എന്നാൽ ഇതിനോട് പെൻറഗൺ പ്രതികരിച്ചിട്ടില്ല. കപ്പലിലുണ്ടായിരുന്ന 11 പേരെയും കൊല്ലാൻ തക്ക വിധം ശക്തമായിരുന്നു ആക്രമണം എന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് ഫ്രാങ്ക് ബ്രാഡ്ലി സഭയെ അറിയിച്ചിട്ടുള്ളത്. എന്നാൽ എല്ലാവരേയും കൊല്ലണമെന്നുള്ള നിർദ്ദേശം നൽകിയിരുന്നില്ലെന്നും ഫ്രാങ്ക് ബ്രാഡ്ലി വിശദമാക്കി. കീഴടങ്ങുന്നവരെ കൊല്ലണമെന്ന് നിർദ്ദേശിച്ചിരുന്നില്ലെന്നും ഫ്രാങ്ക് ബ്രാഡ്ലി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam