അനിയത്തിയെ ബലാത്സംഗം ചെയ്ത ശിശുപീഡകനെ ജയിലിലെത്തി വധിച്ച് യുവാവ്

By Web TeamFirst Published Aug 9, 2021, 11:23 AM IST
Highlights

ആ റേപ്പിസ്റ്റിന്റെ തലയിൽ തൻ്റെ തലകൊണ്ട് തുടർച്ചയായി ഇടിക്കുകയായിരുന്നു ഷെയ്ൻ. 

വാഷിങ്ടൺ : ഷെയ്ൻ ഗോഡ്‌സ്‌ബി ജയിലിൽ എത്തിപ്പെട്ടത് ഒരു പൊലീസ് കാർ തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മറ്റൊരു കാറിൽ കൊണ്ടുചെന്നിടിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ച കുറ്റത്തിനായിരുന്നു. താൻ ചെന്നുപെടാൻ പോവുന്ന അസാധാരണ സാഹചര്യത്തെക്കുറിച്ച് അയാൾക്ക് അപ്പോൾ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. 

വാഷിംഗ്ടണിലെ എയർവേ ഹൈറ്റ്സ് കറക്ഷൻ സെന്ററിൽ അടച്ച ഷെയ്ൻ എന്ന 26 -കാരന് സെൽ മുറി പങ്കിടേണ്ടി വന്നത് റോബർട്ട് മുംഗർ എന്നൊരു എഴുപതുകാരനുമായിട്ടാണ്. പ്രായപൂർത്തി ആയിട്ടില്ലാത്ത നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് 43 വർഷത്തെ കഠിന തടവിന് വിധിക്കപ്പെട്ട കൊടും ക്രിമിനലായിരുന്നു മുംഗർ. ഷെയ്ൻ വന്നു കേറിയ അന്ന് തൊട്ടുതന്നെ അയാൾ രാത്രി വെളുക്കുവോളം, താൻ എങ്ങനെ എങ്ങനെയൊക്കെയാണ് തന്റെ ഓരോ ഇരകളെ കണ്ടെത്തിയിരുന്നത്, അവർ എവിടെയുള്ളവർ ആയിരുന്നു, അവർ താൻ എങ്ങനെയൊക്കെയാണ് പീഡിപ്പിച്ചു രസിച്ചിരുന്നത് എന്നൊക്കെ വിവരിക്കാൻ തുടങ്ങിയിരുന്നു. ഷെയ്ൻ താത്പര്യം പ്രകടിപ്പിക്കാതിരുന്നിട്ടും മുംഗർ തൻ്റെ പീഡനത്തിന്റെ വീരാപദാനങ്ങൾ  തുടർന്നുകൊണ്ടേയിരുന്നു. 

 

 

എന്നാൽ, മുംഗറിന് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. ഷെയ്‌നിന്റെ ഇളയ സഹോദരിയും ഇതുപോലെ ഒരു ക്രിമിനലിനാൽ പീഡിപ്പിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു എന്ന സത്യം. ഈ പശ്ചാത്തലമുണ്ടായിരുന്നതുകൊണ്ടുതന്നെ, ഷെയ്‌നിന് മുംഗറിന്റെ ഗീർവാണം വളരെ അരോചകമായി തോന്നുന്നുണ്ടായിരുന്നു. എന്നാൽ, അധികം വൈകാതെ ഒരു ദിവസം ഞെട്ടിക്കുന്ന ഒരു വിവരം ഈ വിവരങ്ങൾക്കിടയിൽ തന്നെ ഷെയ്ൻ തിരിച്ചറിയുന്നു. തൻ്റെ സഹോദരിയെ ബലാത്സംഗം ചെയ്‌ത ആ റേപ്പിസ്റ്റ് മുംഗർ തന്നെയാണ് എന്നതായിരുന്നു അത്. 

എത്ര വലിയ ഒരു യാദൃച്ഛികതയാണ് അത്. ഒരാളുടെ ഏറ്റവും ഉറ്റബന്ധുക്കളിൽ ഒരാളെ ബലാത്‌സംഗം ചെയ്‌ത പ്രതിയെ പാർപ്പിച്ചിരിക്കുന്ന അതേ ജയിൽ സമുച്ചയത്തിലെ, അതേ ജയിലിലെ, അതേ ബ്ലോക്കിലെ, അതേ സെൽ പങ്കിടാനുള്ള നിയോഗമുണ്ടാവുക. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഒരു പാളിച്ച എന്നുപോലും പറയാൻ പറ്റുന്ന സാഹചര്യമാണത്. 

എന്തായാലും, ഈ സാഹചര്യത്തിൽ, ഷെയ്‌നിന്റെ അനിയത്തിയെ തന്നെയാണ് താൻ ബലാത്സംഗം ചെയ്തിരിക്കുന്നത് എന്നും, ആ വിവരം ഷെയ്ൻ മനസ്സിലാക്കിയിട്ടുണ്ട് എന്നുമറിയാതെ വീണ്ടും ഷെയ്ൻ തൻ്റെ റേപ്പ് കഥകൾ വീണ്ടും രാപ്പകൽ ഷെയ്‌നിനു മുന്നിൽ വിളമ്പൽ തുടരുന്നു. ഒരു ദിവസം, നിയന്ത്രണം വിട്ട് ഷെയ്ൻ ജയിലിലെ കമ്യൂണിറ്റി ഏരിയയിൽ വെച്ച് മുംഗറിനെ ആക്രമിക്കുന്നു. ആ റേപ്പിസ്റ്റിന്റെ തലയിൽ തൻ്റെ തലകൊണ്ട് തുടർച്ചയായി ഇടിക്കുകയായിരുന്നു ഷെയ്ൻ. ആ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ മുംഗർ ചോരവാർന്ന് മൂന്നു ദിവസത്തിനുള്ളിൽ മരണപ്പെടുന്നു. തുടർന്ന് ആ കുറ്റത്തിന് ഒരു 24 വർഷത്തെ കഠിന തടവുകൂടി ഷെയ്‌നിനു വിധിക്കപ്പെടുന്നു.

എന്നാൽ,  തനിക്ക് 2019 -ൽ ദൈവവിളി ഉണ്ടായതാണ് എന്നും, സഹോദരിയോട്‌ പ്രവർത്തിച്ചതിന്റെ പ്രതികാരം എന്നൊന്നും തൻ്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല എന്നുമാണ് ഷെയ്ൻ വിചാരണാ വേളയിൽ കോടതിയിൽ പറഞ്ഞത്. കുഞ്ഞു കുട്ടികളോട് പ്രവർത്തിച്ച ക്രൂരതകളെക്കുറിച്ചുള്ള തുടർച്ചയായ വീരവാദങ്ങൾ മുംഗറിൽ നിന്നുണ്ടായപ്പോൾ കേട്ടു നില്ക്കാൻ കഴിയാതെ പ്രതികരിച്ചതാണ് എന്നും ഷെയ്ൻ പറഞ്ഞു.    

click me!