
വാഷിങ്ടൺ: ആരോഗ്യ പരിപാലനത്തിന് ഭക്ഷണത്തിൽ നിന്നും ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിടിപിയോട് ഉപദേശം തേടിയ 60 വയസുകാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഭക്ഷണത്തിലെ ഉപ്പാണ് ശരീരം ക്ഷീണിപ്പിക്കുന്നതെന്നും ഒഴിവാക്കുകയാണെങ്കില്‍ നല്ലതാണെന്നും കേട്ട ബെൻ എന്ന 60 വയസുകാരനാണ് ചാറ്റ് ജിടിപിയോട് ഉപദേശം തേടി ആശുത്രിയിലായത്. ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു 60 കാരൻ ചാറ്റ് ജിപിടിയോട് ചോദിച്ചത്. ചാറ്റ് ജിപിടി ബെന്നിന് സജസ്റ്റ് ചെയ്തത് സോഡിയം ബ്രോമൈഡ് ആണ്. അമേരിക്കന്‍ കോളജ് ഓഫ് ഫിസീഷ്യന്‍സ് ജേണലിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്,
സോഡിയം ബ്രോമൈഡ് 1900കളില്‍ വിവിധ മരുന്നുകളില്‍ ഉപയോഗിച്ചിരുന്നുവെങ്കിലും വന്‍തോതില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ചാറ്റ് ജിപിടിയുടെ നിർദ്ദേശം പരിഗണിച്ച ബെൻ ഓണ്‍ലൈനായി സോഡിയം ബ്രോമൈഡ് വരുത്തി. ചാറ്റ് ജിപിടി നൽകിയ ഡയറ്റ് പ്ലാൻ അനുസരിച്ച് മൂന്ന് മാസത്തോളം സോഡിയം ബ്രോമൈഡ് കഴിച്ചു. അതുവരെ മാനസികമോ, ശാരീരികമോ ആയി മുന്‍പ് യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന ബെന്‍ വൈകാതെ പിച്ചും പേയും പറയാനും ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനും അസ്വാഭാവികമായി പെരുമാറാനും തുടങ്ങി.
ഇതോടെ ബന്ധുക്കൾ ഇയാളെ ആശുപ്രത്രിയിലാക്കി. 24 മണിക്കർ നിരീക്ഷണത്തിനിടെ ഇയാൾ വെള്ളം പോലും കുടിക്കാൻ തയ്യാറായില്ല. വെള്ളം കുടിച്ചാൽ ജീവൻ അപകടത്തിലാകുമെന്നായിരുന്നു ഇയാളുടെ വാദം. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബെന്നിന് ബ്രോമൈഡ് വിഷബാധയേറ്റതായി കണ്ടെത്തിയത്. പിന്നീട് മൂന്നാഴ്ച ഡ്രിപ്പിട്ടും ഇലക്ട്രൊലൈറ്റുകള്‍ നല്‍കിയുമാണ് 60കാരനെ ഡോക്ടര്‍മാര്‍ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ചാറ്റ് ജിപിടി പോലെയുള്ള നിര്‍മിത ബുദ്ധികളെ ആരോഗ്യകാരണങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്നും വിദഗ്ധ സേവനം തേടുകയാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam