
സിങ്കപ്പൂര്‍: മയക്കുമരുന്ന് കേസിലെ പ്രതിക്ക് സൂം ആപ്പിലൂടെ വധശിക്ഷ വിധിച്ച് കോടതി. സൂം വീഡിയോ കോളിലൂടെ വധശിക്ഷ വിധിക്കുന്ന സിങ്കപ്പൂരിലെ ആദ്യത്തെ സംഭവമാണ് ഇത്. മലേഷ്യക്കാരനായ പുനിതന്‍ ഗണേശനാണ് തനിക്ക് വധശിക്ഷ വിധിക്കുന്നത് സൂം വീഡിയോ കോളിലൂടെ അറിഞ്ഞത്. 37 വയസ്സുകാരനായ പുനിതന്‍ 2011 മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കേസിലാണ് വധശിക്ഷ വിധിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലായ സാഹചര്യത്തിലാണ് വിധി വീഡിയോ കോളിലൂടെയാക്കിയത്.
വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേസ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയെന്ന് സുപ്രീംകോടതി വക്താവ് റോയിറ്റേഴ്സിന്‍റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. ഒരു ക്രിമിനല്‍ കേസ് ഇത്തരത്തില്‍ വിധി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണെന്നും വക്താവ് വ്യക്തമാക്കി. തന്‍റെ കക്ഷി വിധി കേട്ടത് സൂം വീഡിയോ കോളിലൂടെയാണെന്നും ഹര്‍ജി നല്‍കുമെന്നും പുനിതന്‍ ഗണേശന്‍റെ അഭിഭാഷകന്‍ പീറ്റര്‍ ഫെര്‍ണാണ്ടോ പറഞ്ഞു.
വധശിക്ഷ വിധിക്കുന്ന കേസില്‍ സൂം ആപ്പ് ഉപയോഗിച്ചതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം വിധി പ്രസ്താവിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയതിനെ എതിര്‍ക്കുന്നില്ലെന്ന് പീറ്റര്‍ ഫെര്‍ണാണ്ടോ പറഞ്ഞു. വിചാരണ കൃത്യമായി നടന്നതാണെന്നും വിധി പ്രഖ്യാപിക്കുക മാത്രമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തോട് സൂം ആപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ സിങ്കപ്പൂരില്‍ കോടതികള്‍ അടഞ്ഞുകിടക്കുകയാണ്. ഈ സ്ഥിതി ജൂണ്‍ വരെ തുടരുമെന്നാണ് അറിയുന്നത്. എന്നാല്‍ വളരെ സുപ്രധാന കേസുകള്‍ മാത്രം സാമൂഹിക അകലം പാലിച്ച് പരിഗണിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam