
ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. വടക്കൻ ഇംഗ്ലണ്ടിൽ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് ഇരുവർക്കുമെതിരെ മുട്ടയേറുണ്ടായത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. യോർക്കിൽ പരമ്പരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യക്കും നേരെ ഇയാൾ മുട്ട എറിയുകയായിരുന്നു. മുട്ട ഇവരുടെ ശരീരത്തിൽ തട്ടാതെ സമീപത്ത് വീണു. മുദ്രാവാക്യം വിളിച്ചാണ് ഇയാൾ രാജാവിനും രാജ്ഞിക്കും നേരെ മുട്ടയെറിഞ്ഞത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി കസ്റ്റഡിയിൽ എടുത്തു. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണശേഷം സെപ്റ്റംബറിലാണ് ചാൾസ് അധികാരമേറ്റത്. രണ്ട് ദിവസത്തെ വടക്കൻ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് അനിഷ്ട സംഭവമുണ്ടായത്.
നേരത്തെ, ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയത്തിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ മെഴുക് പ്രതിമ നശിപ്പിച്ച് കാലാവസ്ഥാ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 'ജസ്റ്റ് സ്റ്റോപ്പ് ഓയിൽ' എന്നെഴുതിയ ടി-ഷർട്ടുകൾ ധരിച്ച രണ്ട് പേർ ചേർന്ന് ബ്രിട്ടീഷ് രാജാവിന്റെ പ്രതിമയുടെ മുഖത്ത് കേക്ക് പുരട്ടുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജസ്റ്റ് സ്റ്റോപ്പ് ഓയിലിന്റെ ട്വിറ്റർ പേജിൽ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്ഞി കാമില, പ്രിൻസ് വില്യം, കേറ്റ് മിഡിൽടൺ എന്നിവരുടെ പ്രതിമകൾക്ക് ഒപ്പമാണ് പ്രതിമ ഉള്ളത്. കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ രണ്ട് പേർ അവരുടെ ജാക്കറ്റ് ഊരുകയും അടിയിൽ ധരിച്ചിരുന്ന ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്ന ടീ ഷർട്ട് പ്രധർശിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇവർ പ്രവർത്തനത്തിനുള്ള സമയമായി എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് കേക്ക് മുഖത്തേക്ക് എറിയുകയായിരുന്നു. ചോക്ലേറ്റ് കേക്കാണ് ഇവർ മുഖത്തെറിഞ്ഞത്. സർക്കാർ പുതിയ എല്ലാ ഓയിൽ ഗ്യാസ് ലൈസൻസുകളും നിർത്തണമെന്നാണ് ഇവരുടെ ആവശ്യം.
രാജാവിന്റെ കാവൽക്കാരുടെ തൊപ്പി നിർമ്മാണം, ഓരോ വർഷം കൊല്ലുന്നത് 100 കരടികളെ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam