
ബെർലിൻ: ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവിക്ക് നേരെ ജർമനിയിൽ മഷി ആക്രമണം. ഇറാൻ യുദ്ധത്തിലെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ബെർലിനിലെ ഫെഡറൽ പ്രസ് കോൺഫറൻസിൽ വാർത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. അദ്ദേഹത്തിന്റെ വസ്ത്രത്തിലും കഴുത്തിലും ചുവന്ന നിറത്തിലുള്ള മഷി ഒഴിച്ചായിരുന്നു ആക്രമണം. അപ്രതീക്ഷിത ആക്രമണം നടന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ട പഹ്‌ലവി, അവിടെ കൂടിനിന്ന അനുയായികളെ കൈവീശി കാണിച്ച ശേഷമാണ് കാറിൽ കയറി മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ജർമൻ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾ ആരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഇറാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 19 രാഷ്ട്രീയ തടവുകാരെ വധിച്ചെന്നും 20 പേർക്ക് വധശിക്ഷ വിധിച്ചെന്നും പഹ്‌ലവി ആരോപിച്ചു. ജനാധിപത്യത്തിനായി പോരാടുന്ന ഇറാനികളെ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലെ ജനങ്ങളുടെ കൊലപാതകം ലോകം നിശബ്ദമായി നോക്കി നിൽക്കുകയാണോ എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ഇറാൻ സർക്കാരിന്റെ ക്രൂരതകൾക്കെതിരെ ലോകം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ ഇറാൻ സർക്കാർ പെട്ടെന്ന് നിലപാടുകൾ മാറ്റുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് റിസ പഹ്‍ലവി പറഞ്ഞു. നയതന്ത്ര നീക്കങ്ങൾക്ക് മതിയായ സമയം നൽകിക്കഴിഞ്ഞെന്നും, ഇനി ലോകം ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഎസ്-ഇസ്രയേൽ സൈനിക ഇടപെടലുകളെ പിന്തുണയ്ക്കുന്ന പഹ്‌ലവി, ഇറാനിലെ നിലവിലെ ഭരണകൂടം വീണാൽ അധികാരം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. തന്റെ ബെർലിൻ സന്ദർശനത്തിനിടെ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിലുള്ള ജർമൻ സർക്കാർ പ്രതിനിധികൾ തന്നെ കാണാൻ തയ്യാറാകാത്തതിൽ പഹ്‌ലവി നിരാശ പ്രകടിപ്പിച്ചു. നീണ്ട കാലത്തെ പ്രവാസത്തിന് ശേഷം ഇറാനിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുഖമായി മാറാൻ പഹ്‌ലവി ശ്രമിക്കുന്നുണ്ട്. എന്നാൽ പഹ്‌ലവിക്ക് ഇറാനിൽ എത്രത്തോളം ജനപിന്തുണയുണ്ടെന്ന കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് സംശയമുണ്ട്.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ് - ഇറാൻ യുദ്ധം നിലവിൽ രൂക്ഷമായി തുടരുകയാണ്. ഇറാനും അമേരിക്കയും ഹോർമുസിൽ ഉപരോധം ഏർപ്പെടുത്തിയത് ലോകത്തിലെ എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോർമുസ് കടലിടുക്കിൽ ഇറാന്‍റെ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് സംഘർഷം രൂക്ഷമാകാൻ കാരണമായി. എന്നാൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ യുദ്ധത്തിൽ അമേരിക്കയ്ക്കൊപ്പം ചേരാൻ ഇതുവരെ തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam