
ദില്ലി : ഇന്ത്യയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെ പ്രധാനമന്ത്രി തന്റെ വളരെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യക്കും ചൈനയ്ക്കുമെതിരായ കുടിയേറ്റ വിരുദ്ധ പരാമർശം തന്റെ ട്രൂത്ത് പ്ലാറ്റ്ഫോമിൽ റീ പോസ്റ്റ് ചെയ്തത് വിവാദമായതിന് പിന്നാലെയാണ് പ്രശംസിച്ചുള്ള പരാമർശം. ദില്ലിയിലെ യുഎസ് എംബസി വക്താവ് ക്രിസ്റ്റഫർ എൽംസ് ആണ് ട്രംപിന്റെ ഈ സൗഹൃദ സന്ദേശം ഔദ്യോഗികമായി അറിയിച്ചത്. തന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ട്രംപ് നൽകുന്നതെന്ന് പ്രസ്താവനയിലുണ്ട്.
അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ മൈക്കൽ സേവേജിന്റെ വിവാദപരമായ റേഡിയോ പരിപാടിയുടെ ഭാഗം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ ചർച്ചയായിട്ചുണ്ട്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരുടെ കുടിയേറ്റത്തിനെതിരെയായിരുന്നു പോഡ്‌കാസ്റ്റ്. യുഎസിലെ ജന്മാവകാശ പൗരത്വ നിയമത്തെ വിമർശിച്ചുകൊണ്ട് സേവേജ് നടത്തിയ ഈ വർണ്ണവിവേചനപരമായ പരാമർശങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ ലാപ്‌ടോപ്പ് പിടിച്ച ഗുണ്ടകൾ എന്നാണ് സേവേജ് പരിപാടിയിൽ അധിക്ഷേപിച്ചത്. ഇവർ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും രാജ്യത്തിന്റെ പതാകയെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ ഒരു കുറിപ്പ് ട്രംപ് പങ്കുവെച്ചത്, ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രശംസകൾക്കിടയിലും വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam