ബോട്ടുകൾ ആക്രമിച്ചു 'ഡോൾഫിൻ ഗുണ്ടകൾ', അമ്പരന്നു ശാസ്ത്രജ്ഞർ

By Web TeamFirst Published Sep 13, 2020, 11:37 PM IST
Highlights

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പ്രദേശത്ത് കടല്‍ജീവികളുടെ ആക്രമണം പതിവായിരിക്കുകയാണ്

മാഡ്രിഡ്: കടലില്‍ വച്ച് ഡോള്‍ഫിന്‍ കുടുംബാംഗങ്ങളില്‍ നിന്ന് കിട്ടുന്ന മുട്ടന്‍ ഇടിയുടെ കാരണമറിയാതെ തല പുകയ്‌ക്കുകയാണ് സ്‌പാനിഷ് തീരങ്ങളിലെ ശാസ്‌ത്രജ്ഞര്‍. സ്‌പെയിന്‍റെ വടക്കന്‍ തീരത്തുനിന്ന് യുകെയിലേക്കുള്ള യാത്രക്കിടെ ശാസ്‌ത്രജ്ഞരുടെ ബോട്ടിനെ ഡോള്‍ഫിന്‍ കൂട്ടം ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കുറഞ്ഞത് 15 തവണയെങ്കിലും ഡോള്‍ഫിന്‍ ഗുണ്ടകളുടെ ആക്രമണം നേരിട്ടു എന്നാണ് ദ് ഗാര്‍ഡിയനോട് ഇവര്‍ വിവരിച്ചത്. കനത്ത ആക്രമണത്തില്‍ നിന്ന് ശാസ്‌ത്രജ്ഞര്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടെങ്കിലും ബോട്ടിന് കാര്യമായ കോട്ടംതട്ടി. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പ്രദേശത്ത് കടല്‍ജീവികളുടെ ആക്രമണം പതിവായിരിക്കുകയാണ്. ഓഗസ്റ്റ് അവസാനം വീഗോയ്‌ക്ക് സമീപം തിമിംഗലങ്ങള്‍ ആക്രമിക്കുന്നതായി നാവികര്‍ അപായസൂചന കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നു. ഇതേ ദിവസം സ്‌പാനിഷ് നേവിയുടെ യാട്ടിനെ മറ്റൊരിടത്തുവച്ച് ഡോള്‍ഫിനുകള്‍ വളഞ്ഞു. അന്നും ബോട്ടിന്‍റെ പങ്കായത്തിന് സാരമായ കേടുപാടുപറ്റി. ജൂലൈ 29ന് സ്‌പെയിനിന്‍റെ ദക്ഷിണ-പടിഞ്ഞാറ് തീരത്തുവച്ച് ഒന്‍പത് ഡോള്‍ഫിനുകള്‍ ഒരു ബോട്ടിനെ വളഞ്ഞു. ഒരു മണിക്കൂറോളം ആക്രമണം തുടര്‍ന്ന ഇവ ബോട്ടിനെ ഇടിച്ചുതുരത്തി. നാവികര്‍ക്ക് പരിക്കേറ്റതായും ഇവിടുന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.  

ഡോള്‍ഫിനുകള്‍ സാധാരണ ജിജ്ഞാസയുള്ളവരാണെന്നും അവ ബോട്ടിനെ അടുത്തു പിന്തുടരുന്നത് സാധാരണമാണെന്നും ജിബ്രാൾട്ടർ കടലിടുക്കിലെ ചെറിയ ജനസംഖ്യയെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത്ര ശക്തമായി ഇവ സാധാരണയായി ആക്രമിക്കാറില്ലെന്നാണ് അവരുടെ നിഗമനം. തുടര്‍ച്ചയായ സംഭവങ്ങളുടെ വെളിച്ചത്തില്‍ കപ്പലുകളോടും ബോട്ടുകളോടും ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും നിന്ന് അകലം പാലിക്കാന്‍ സ്‌പാനിഷ് മറൈന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

click me!