വിജയത്തിന് പിന്നാലെ കാർണിയുടെ ആദ്യ പ്രഖ്യാപനം! 'ട്രംപിന്‍റെ ആ മോഹം അടഞ്ഞ അധ്യായം, ഒരിക്കലും നടക്കില്ല'

Published : Apr 29, 2025, 10:37 PM IST
വിജയത്തിന് പിന്നാലെ കാർണിയുടെ ആദ്യ പ്രഖ്യാപനം! 'ട്രംപിന്‍റെ ആ മോഹം അടഞ്ഞ അധ്യായം, ഒരിക്കലും നടക്കില്ല'

Synopsis

കാനഡ അമേരിക്കയുടെ സംസ്ഥാനമാകണമെന്ന ട്രംപിന്റെ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്ന് പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള ബന്ധം അവസാനിച്ചുവെന്നും കാനഡയ്ക്ക് മറ്റ് സാധ്യതകളുണ്ടെന്നും കാർണി

ഒട്വാവ: ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിച്ച കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയത്തോടെപ്രധാനമന്ത്രി പദം ഒരിക്കൽ കൂടി ഉറപ്പിച്ച മാർക്ക് കാർണിയുടെ ആദ്യ പ്രഖ്യാപനവും ട്രംപിനുള്ള പ്രഹരമായിരുന്നു. കാനഡ അമേരിക്കയുടെ സംസ്ഥാനമായി മാറണമെന്ന ട്രംപിന്റെ മോഹം ഒരു കാലത്തും നടക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കാർണി പരസ്യമായി പ്രഖ്യാപിച്ചത്. 'ട്രംപിന്‍റെ ആ മോഹം കഴിഞ്ഞു, ഇനിയൊരിക്കലും അത് നടക്കില്ല' - എന്നായിരുന്നു കാർണി പറഞ്ഞത്. കാനഡയും അമേരിക്കയും തമ്മിലുള്ള സംയോജനത്തിന്റെ യുഗം അവസാനിച്ചുവെന്ന് പുതിയ പ്രധാനമന്ത്രിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അനുയായികൾ ആർപ്പുവിളിച്ചപ്പോളായിരുന്നു കാർണിയുടെ പ്രതികരണം. 'കാനഡയ്ക്ക് അഭിവൃദ്ധി കൊണ്ടുവന്ന അമേരിക്കയുമായുള്ള നമ്മുടെ പഴയ ബന്ധം അവസാനിച്ചു', കാനഡയ്ക്ക് മറ്റ് നിരവധി സാധ്യതകൾ ഉണ്ടെന്നും അമേരിക്കയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്നും യു എസ് പ്രസിഡന്റ് ട്രംപിന് കാർണി മുന്നറിയിപ്പും നൽകി.

'ഒന്നിച്ച് പ്രവർത്തിക്കാം'; കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കാർണിയെ അഭിനന്ദിച്ച് മോദി

കാനഡ സ്വമേധയാ രാഷ്ട്ര പദവി ഉപേക്ഷിക്കണം എന്നും അമേരിക്കയുടെ അൻപത്തിയൊന്നാം സംസ്ഥാനം ആയി മാറണമെന്നും ട്രംപ് നിരന്തരം അവർത്തിക്കുന്നതിനിടെ നടന്ന തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയമാണ് കാർണിയും ലിബറൽ പാർട്ടിയും സ്വന്തമാക്കിയത്. അധിക തീരുവ പ്രഖ്യാപിച്ചുള്ള അമേരിക്കയുടെ വ്യാപാരയുദ്ധവും വന്നതോടെ കാനഡയിൽ ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിക്കുകയായിരുന്നു. ഇത് ഫലപ്രദമായി ഉപയോഗിക്കാൻ ലിബറൽ പാർട്ടിക്കും മാർക്ക് കാർണിക്കും സാധിച്ചതാണ് വിജയത്തിന്‍റെ മർമം. ഓരോ പ്രചാരണ യോഗത്തിലും കാർണി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. പ്രചാരണം വിജയമാക്കി അധികാരത്തുടർച്ച നേരിട്ടെങ്കിലും അമേരിക്കയുടെ വ്യാപാരയുദ്ധത്തെ നേരിട്ട് കാനഡയെ സാമ്പത്തികമായി ഉറപ്പിച്ചുനിർത്തൽ മാർക്ക് കാർണിയെ സംബന്ധിച്ചടുത്തോളം പ്രധാന വെല്ലുവിളിയാണ്.

അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കഴിഞ്ഞ മാർച്ചിൽ അധികാരത്തിൽ എത്തിയ മാർക്ക് കാർണി പ്രധാനമന്ത്രി സ്ഥാനവും നിലനിർത്തിയത് 43 ശതമാനം വോട്ടുനേടിയാണ്. 343 അംഗ കനേഡിയൻ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 സീറ്റുകളാണ്. 165 സീറ്റുകൾ നേടിയാണ് ലിബറൽ പാർട്ടി അധികാരത്തിലേറുന്നത്. കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ കുറവ് ഉണ്ടെങ്കിലും മാർക്ക് കാർണിക്ക് അതൊരു വെല്ലുവിളിയല്ല.

അതിനിടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മോദിയും രംഗത്തെത്തി. മാർക്ക് കാർണിക്കും ലിബറൽ പാർട്ടിക്കും അഭിനന്ദനങ്ങൾ എന്നാണ് മോദി എക്സിൽ കുറിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന സന്ദേശം കൂടിയാണ് മോദി പങ്കുവച്ചത്. പൊതുവായ ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം എന്നീ കാര്യങ്ങളിലടക്കം ഇന്ത്യയും കാനഡയും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും കാർണിയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്