
കറാച്ചി: പാകിസ്ഥാനിൽ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. നഗര മധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച രാത്രി പത്തിനാണ് അപകടമുണ്ടായത്. താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്കു വ്യാപിക്കുകയായിരുന്നു.
അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇന്നലെ വരെ തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. കടുത്ത ചൂടു മൂലം കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അടർന്നുവീണു. കെട്ടിടത്തിലു ബലക്ഷയം സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് അധികൃതരുടെ അനുമാനം.
കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നുവീണതോടെ കാണാതായ 65 ലധികം പേർക്കായി കറാച്ചിയിലെ അഗ്നിശമന സേനാംഗങ്ങൾ തെരച്ചിൽ നടത്തി. ആരെങ്കിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
1,200-ലധികം കടകൾ സ്ഥിതി ചെയ്യുന്ന മാളിൽ വായുസഞ്ചാരമില്ലാത്തത് കെട്ടിടം പുക കൊണ്ട് നിറയാനും രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാകാനും കാരണമായി. 20 വർഷത്തെ കഠിനാധ്വാനം എല്ലാം പോയെന്ന് ഒരു കടയുടമ യാസ്മീൻ ബാനോ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ഓധോ പറഞ്ഞു. അപകടമുണ്ടായി 23 മണിക്കൂറിനുശേഷം സ്ഥലത്തെത്തിയ മേയർക്കെതിരെ പ്രതിഷേധം ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam