
കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് പിന്നാലെ വ്യാജ മദ്യത്തിനെതിരെ കുവൈത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് നയിച്ച റെയ്ഡിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീകളുൾപ്പടെ വ്യാജമദ്യ ശൃംഖലയിലെ നൂറിലേറെ പേരാണ് ഒറ്റയടിക്ക് പിടിയിലായത്. വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയ 4 നേപ്പാളി പൗരന്മാരടക്കമുള്ളവരാണ് അറസ്റ്റിലായത്. കണ്ടാൽ കുടിവെള്ളിക്കുപ്പി എന്നതിനപ്പുറം മറ്റൊരു സംശയവും തോന്നാത്ത നിലയിലുള്ള കുപ്പികളിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. പക്ഷെ സംഗതി വ്യാജമദ്യമാണെന്ന് റെയ്ഡിൽ തെളിഞ്ഞു. അങ്ങനെ അരയിലൊളിപ്പിച്ച് വിതരണത്തിനൊയി കൊണ്ടുപോയ മദ്യക്കുപ്പികളടക്കമുള്ളവ റെയ്ഡിൽ പിടിച്ചെടുത്തു. വീടുകൾക്കകത്ത് വലിയ വാറ്റുപകരണങ്ങളും വൻതോതിൽ നിർമ്മാണത്തിലിരിക്കുന്ന മെഥനോളും കണ്ടെത്തി.
വിശദ വിവരങ്ങൾ ഇങ്ങനെ
വാഹനം തടഞ്ഞും വാതിൽ തകർത്ത് വീടിന് അകത്ത് കയറിയും വരെ അറസ്റ്റുണ്ടായി. കുവൈത്ത് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ നടപടിയാണ് വ്യാജ മദ്യ കേന്ദ്രങ്ങൾക്കെതിരെ ആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേർന്ന് നടത്തുന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അൽ സാ നേരിട്ട് നയിച്ച റെയ്ഡിലാണ് 67 അറസ്റ്റുണ്ടായത്. മറ്റ് കേസുകളിൽ തിരഞ്ഞിരുന്ന 34 പേരും പിടിയിലായി. ചുരുക്കത്തിൽ നൂറിലധികം പേർ പിടിയിലായിട്ടുണ്ട്. 6 അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളും താമസകേന്ദ്രങ്ങളുടെ മറവിൽ പ്രവർത്തിച്ച നാല് കേന്ദ്രങ്ങളും കണ്ടെത്തി. അൽ സലാമയിൽ നിന്നാണ് പ്രധാനനടത്തിപ്പുകാരൻ എന്ന് കരുതുന്ന നേപ്പാളി പൗരൻ ഭൂപൻ ലാലിനെ വൻ മെഥനോൾ ശേഖരം നിർമ്മിക്കുന്നതിനിടെ അറസ്റ്റ് ചെയ്തത്. 3 നേപ്പാളി പൗരന്മാരും 1 ബംഗ്ലാദേശി പൗരനും പിന്നാലെ അറസ്റ്റിലായി. 35 നേപ്പാളി പൗരന്മാരാണ് വിഷമദ്യ ദുരന്തത്തിൽ പെട്ടത്. ഇതിൽ പത്ത് പേർ മരിച്ചതായാണ് വിവരം. ചികിത്സയിലുള്ളവരിൽ മിക്കവരുടെയും നില ഗുരുതരമായി തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നത് ഇന്നത്തോടെ ഊർജ്ജിതമാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam