
ചിയാപാസ്: വാഗ്‌ദാനം ചെയ്‌ത റോഡ് നിർമ്മിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കർഷകർ മേയറെ ഓടുന്ന ട്രക്കിൽ കെട്ടിവലിച്ചു. മെക്സിക്കോയിലെ ലാസ് മാർഗരിറ്റസ് മുനിസിപ്പാലിറ്റി മേയർ ജോർജ് ലൂയിസ് എസ്‌കാൻഡൻ ഹെർണാണ്ടസ് ആണ് ആക്രമിക്കപ്പെട്ടത്.
മുനിസിപ്പാലിറ്റിയിൽ നിന്നും ഇദ്ദേഹത്തെ പിടിച്ചുവലിച്ചുകൊണ്ടുപോകാനുള്ള ശ്രമം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
സാന്റാ റിറ്റ എന്ന നഗരത്തിലെ പ്രധാന വീഥിയിലൂടെയാണ് ജോർജ്ജിനെ ട്രെക്കിന് പിന്നിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോയത്. പൊലീസ് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
മേയറെ ആക്രമിച്ച സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേയറുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത പ്രാദേശിക രാഷ്ട്രീയക്കാരെ ഗുണ്ടകൾ ആക്രമിക്കുന്നത് മെക്സിക്കോയിൽ സാധാരണമാണെങ്കിലും വാഗ്‌ദാനം നിറവേറ്റാത്തതിന് ആക്രമിക്കപ്പെടുന്നത് ഇതാദ്യമാണ്.
ചിയാപാസ് എന്നത് മെക്സിക്കോയിലെ ഏറ്റവും ദാരിദ്ര്യമുള്ള പ്രദേശമാണ്. 77 ശതമാനം പേരും പട്ടിണി പാവങ്ങളായ സംസ്ഥാനത്ത് ലാസ് മാർഗരിറ്റസ് നഗരത്തിലെ പ്രധാന ആവശ്യമാണ് റോഡ്. 2018 ൽ റോഡ് ആവശ്യവുമായി ബന്ധപ്പെട്ട് അന്നത്തെ മേയർ ജോസ് ഡൊമിംഗോ വാസ്‌ക്വെസ് ലോപസിനെ കാണാൻ കർഷകർ ചെന്നെങ്കിലും ഇദ്ദേഹം ഇവിടെ ഇല്ലായിരുന്നു. ഇതിൽ പ്രകോപിതരായ 200 ഓളം വരുന്ന കർഷകർ 24 സർക്കാർ ഉദ്യോഗസ്ഥരെ തടവിലാക്കിയിരുന്നു. ഇതിന് ശേഷം അധികാരത്തിൽ വന്ന ജോർജും റോഡ് നിർമ്മിക്കാതെ ഇരുന്നതാണ് ഇപ്പോൾ പ്രകോപനം സൃഷ്ടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam