രാജകുടുംബത്തോടൊപ്പം താമസിച്ച സമയത്ത് മേഗന്‍ മാര്‍ക്കല്‍ നേരിട്ടത് നിരവധി ഭീഷണികളെന്ന് മുന്‍ പൊലീസ് മേധാവി

By Web TeamFirst Published Nov 30, 2022, 6:24 PM IST
Highlights

ലണ്ടനിലെ മെട്രോ പൊളിറ്റന്‍ പൊലീസിലെ തീവ്രവാദ വിരുദ്ധ  വിഭാഗം തലവനായിരുന്ന നീല്‍ ബസുവാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രാജകുടുംബത്തിന്‍റെ ഭാഗമായി മേഗന്‍ താമസിക്കുന്ന സമയത്ത് വെറുപ്പ് തോന്നിക്കുന്നതും എന്നാല്‍ സ്ഥിരീകരിച്ചതുമായ നിരവധി ഭീഷണിയാണ് നേരിട്ടത്.

ലണ്ടനില്‍ താമസിക്കുന്ന സമയത്ത്  മേഗൻ മാർക്കലിന് നിരവധി ഭീഷണികള്‍ നേരിട്ടിരുന്നതായി മുന്‍ തീവ്രവാദ വിരുദ്ധ പൊലീസ് തലവന്‍റെ വെളിപ്പെടുത്തല്‍. ലണ്ടനിലെ മെട്രോ പൊളിറ്റന്‍ പൊലീസിലെ തീവ്രവാദ വിരുദ്ധ  വിഭാഗം തലവനായിരുന്ന നീല്‍ ബസുവാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രാജകുടുംബത്തിന്‍റെ ഭാഗമായി മേഗന്‍ താമസിക്കുന്ന സമയത്ത് വെറുപ്പ് തോന്നിക്കുന്നതും എന്നാല്‍ സ്ഥിരീകരിച്ചതുമായ നിരവധി ഭീഷണിയാണ് നേരിട്ടത്. ഡച്ചസ് ഓഫ് സസ്ക്സിനും ഹാരി രാജകുമാരനും ഭീഷണി നേരിട്ടിരുന്നുവെന്നാണ് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ നീല്‍ ബസു വിശദമാക്കുന്നത്.

രാജ്യത്ത് വളര്‍ന്നു വരുന്ന വലതുപക്ഷ തീവ്രവാദത്തേക്കുറിച്ച് നേരത്തെയും താന്‍ സംസാരിച്ചിട്ടുണ്ടെന്നും നീല്‍ ബസു വിശദമാക്കുന്നു. യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇതാണെന്നുമാണ് നീല്‍ ബസു വിശദമാക്കുന്നത്. പലപ്പോഴും ഭീഷണിയുടെ രൂപത്തില്‍ വരുന്ന കത്തുകളിലും മെയിലുകളിലും വരുന്ന ആശയങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയെന്ന നിലയിലാണ് വലതുപക്ഷ തീവ്രവാദത്തേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതെന്നും നീല്‍ ബസു വിശദമാക്കി. മേഗനെതിരെ ഉയര്‍ന്ന ചില ഭീഷണികളില്‍ ചിലരെ വിചാരണ ചെയ്തിരുന്നുവെന്നും ബസു അവകാശപ്പെടുന്നു. മേഗനേയും കുഞ്ഞുങ്ങളേയും സുരക്ഷിതരായി നിര്‍ത്തേണ്ടിയിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് തീവ്രവാദ വിരുദ്ധ പൊലീസ് വിഭാഗത്തിന്‍റെ മുന്‍ തലവന്‍റെ വെളിപ്പെടുത്തല്‍. ഡയാന രാജകുമാരിക്ക് നേരിട്ടത് പോലെയുള്ള അപകടം ഭാര്യക്ക് സംഭവിക്കുമോയെന്ന് ഹാരി പലപ്പോഴും ഭയന്നിരുന്നതായും നീല്‍ ബസു പറയുന്നു.

വെളുത്ത വംശജനല്ലാത്ത ഒരാളുമായി ബന്ധം പുലര്‍ത്തിയതിന് പിന്നാലെയാണ് അമ്മയ്ക്ക് ഭീഷണി നേരിട്ടതെന്നും ഹാരി നേരത്തെ പ്രതികരിച്ചിരുന്നു. ചരിത്രം ആവര്‍ത്തിക്കണമോയെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്. അവള്‍ കൊല്ലപ്പെടുന്നത് വരെ അവര്‍ പിന്തുടരുന്നത് തുടരുമെന്നതടക്കം രൂക്ഷമായ ആരോപണങ്ങളാണ് ഹാരി നേരത്തെ ഉയര്‍ത്തിയത്. സുരക്ഷാ കാരണങ്ങളായിരുന്നു രാജ പദവി ഉപേക്ഷിച്ച് ഇരുവരും കാലിഫോര്‍ണിയയിലേക്ക് പോയതിന് കാരണമായത്.

മക്കളെ ലണ്ടനിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന് ഹാരി വിശദമാക്കിയതായി നിയമ വിദഗ്ധര്‍ വിശദമാക്കിയിരുന്നു.  എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തിൽ ഏറ്റവും താഴ്ന്ന സ്ഥാനം മാത്രമാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലനും നല്‍കിയത്. ഹാരി രാജകുമാരനും മേഗൻ മാർക്കലനും 2020 ജനുവരിയിൽ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചതിന് ശേഷം കാലിഫോര്‍ണിയയിലാണ് താമസം. സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് അവർ യുകെയിലേക്ക് മടങ്ങി എത്തിയിരുന്നു.

click me!