ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയാന്‍ കാരണം 'ആ ബന്ധമോ' ?

By Web TeamFirst Published May 10, 2021, 5:50 PM IST
Highlights

എപ്‌സ്റ്റെയിനുമായി കച്ചവടബന്ധമോ സൗഹൃദമോ ഇല്ലെന്നായിരുന്നു 2019ല്‍ ബില്‍ ഗേറ്റ്‌സ് ആണയിട്ടത്. എന്നാല്‍, 2011 മുതല്‍ ബില്‍ ഗേറ്റ്‌സും എപ്‌സ്റ്റെയിനും പരിചയക്കാരായിരുന്നു. എപ്‌സ്റ്റെയിന്‍ കേസില്‍ പെടുന്നതുവരെ ഇരുവരും ഈ സൗഹൃദം സൂക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ന്യൂയോര്‍ക്ക്; ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിവാഹ ബന്ധം പിരിയുന്നത് ലോകമെങ്ങും ചര്‍ച്ചയായിരുന്നു. അതിനൊപ്പം ഇതിലേക്ക് ഇവരെ നയിച്ച കാരണം എന്താണ് എന്ന് തേടുകയാണ് പാശ്ചാത്യ ടാബ്ലോയ്ഡുകള്‍. ഈ ദമ്പതികള്‍ക്കിടയില്‍ ഉണ്ടായ പ്രശ്നം എന്താണ് എന്നതാണ് പലവിധ അന്വേഷണം നടക്കുന്നത്. ഫ്യൂച്ചറിസം, ന്യൂയോര്‍ക്ക് പോസ്റ്റ് എന്നിവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബില്‍ഗേറ്റ്സിന്‍റെ ഒരു സൗഹൃദ ബന്ധം ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തമ്മിലുള്ള വേര്‍പിരിയലിന് കാരണമായിരിക്കുമോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ് എന്നാണ് പറയുന്നത്.

ബാലപീഡകന്‍ ജെഫ്രി എപ്‌സ്റ്റെയിനാണ് ഇതിലെ മറ്റൊരു കഥാപാത്രം. പെണ്‍കുട്ടികളെ പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്ന കേസിലെ പ്രതിയായിരുന്നു ഇയാള്‍. തുടര്‍ന്ന് ശിക്ഷ ലഭിച്ച ഇയാള്‍  2019ല്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഇയാളുമായി ബില്‍ ഗേറ്റ്സിന് സൗഹൃദമുണ്ടായിരുന്നു. ഇത് വിവാദവുമായിരുന്നു. ഇതില്‍  മെലിന്‍ഡ വളരെ രോഷാകുലയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

എപ്‌സ്റ്റെയിനുമായി കച്ചവടബന്ധമോ സൗഹൃദമോ ഇല്ലെന്നായിരുന്നു 2019ല്‍ ബില്‍ ഗേറ്റ്‌സ് ആണയിട്ടത്. എന്നാല്‍, 2011 മുതല്‍ ബില്‍ ഗേറ്റ്‌സും എപ്‌സ്റ്റെയിനും പരിചയക്കാരായിരുന്നു. എപ്‌സ്റ്റെയിന്‍ കേസില്‍ പെടുന്നതുവരെ ഇരുവരും ഈ സൗഹൃദം സൂക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് അറിയാവുന്ന മെലിന്‍ഡ 2013 മുതല്‍ ഈ സൗഹൃദത്തെ എതിര്‍ത്തിരുന്നു. 

 2013 സെപ്റ്റംബറില്‍ ബില്‍ ഗേറ്റ്‌സ് ഒരു പ്രധാന അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ  മെലിന്‍ഡയുമായി എപ്‌സ്റ്റെയിന്‍റെ ഫ്ലാറ്റിലാണ് ഒത്തുകൂടിയത്. ഇത് അന്ന് തന്നെ മെലിന്‍ഡ എതിര്‍ത്തു. ഇരുവര്‍ക്കും ഇടയില്‍ ഈ ബന്ധത്തിലൂടെ ഉണ്ടായ പ്രശ്നം വളര്‍ന്നാണ് ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് എത്തിയത് എന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്.

അതേ സമയം എപ്‌സ്റ്റെയിന്‍ കേസില്‍ പെട്ടതോടെ 2019ല്‍ ഈ സൗഹൃദ ബന്ധത്തില്‍ ബില്‍ ഗേറ്റ്‌സ് പശ്ചാത്തപിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ  മുന്‍‍ വക്താവിനെ ഉദ്ധരിച്ച് ഒരു പാശ്ചാത്യ മാധ്യമം പറയുന്നു. മെയ് മൂന്നിനാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയുന്ന വിവരം ലോകത്തെ അറിയിച്ചത്.  പിരിഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ബില്‍ ആൻഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഭാവിയില്‍ അടക്കം എന്ത് മാറ്റം വരും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!