
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ പറഞ്ഞത് മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് മേധാവി ജോയൽ കപ്ലാൻ എന്നാണ് അറിയിപ്പ്. മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ക്ഷമാപണം. പ്രധാനമന്ത്രിയുടെ പോസ്റ്റ് നിയന്ത്രിക്കാനിടയായ പിഴവിൽ മെറ്റയ്ക്ക് വേണ്ടി താൻ മന്ത്രിയോട് ക്ഷമ ചോദിച്ചതായി ജോയൽ കപ്ലാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശമാണ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫേസ് ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും അല്പസമയത്തേക്ക് നീക്കം ചെയ്തത്. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. സംഭവത്തിന് പിന്നിൽ സാങ്കേതിക പിഴവാണെന്നും ക്ഷമാപണം നടത്തുന്നതായും മെറ്റ പിന്നീട് വിശദീകരിച്ചു. എന്നാൽ മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിലപാട്. ഐടി-കമ്മ്യൂണിക്കേഷൻ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന പാർലമെന്ററി സമിതിയും മെറ്റയെ കുറ്റപ്പെടുത്തി. മൂന്നു ദിവസത്തിനുള്ളിൽ സക്കർബർഗ് മാപ്പ് പറയണമെന്നും പാർലമെന്ററി സമിതി അധ്യക്ഷനായ ബിജെപി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസത്തെ കൂടിക്കാഴ്ചയ്ക്കായി മെറ്റയുടെ ഉന്നതതല സംഘം ഇന്ത്യയിലെത്തിയത്.
മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ഐടി സെക്രട്ടറി ഉൾപ്പെടെയുള്ള കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 45 മിനിറ്റോളം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിലാണ് ജോയൽ കാപ്ലാൻ നേരിട്ട് ക്ഷമാപണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam