ചരിത്രം കുറിച്ച് ഡെന്മാർക്കിലെ ഇസബെല്ല രാജകുമാരി; രാജകുടുംബത്തിൽനിന്ന് സൈനികസേവനത്തിന്, ശമ്പളം വേണ്ടെന്നും തീരുമാനം

Published : Aug 05, 2026, 08:12 PM IST
princess isabella of denmark

Synopsis

11 മാസം നീളുന്ന നിർബന്ധിത സൈനികസേവനത്തിനായി ആന്റ്വോർസ്കോവ് ബാരക്കിലാണ് രാജകുമാരി റിപ്പോർട്ട് ചെയ്തത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി വേനലവധിക്കാലവും കഴിഞ്ഞാണ് ഇസബെല്ല ബാരക്കിലെത്തിയത്. സാധാരണക്കാരെപ്പോലെ സ്വയം വാഹനമോടിച്ചെത്തിയ രാജകുമാരി ബാ​ഗി ജീൻസും ജാക്കറ്റും അടക്കമാണ് ധരിച്ചിരുന്നത്.

കോപ്പൻഹേ​ഗൻ: ഡാനിഷ് രാജകുടുംബത്തിൽ ചരിത്രം കുറിച്ച് ഇസബെല്ല രാജകുമാരി. രാജകുടുംബത്തിൽനിന്ന് പൂർണസമയ നിർബന്ധിത സൈനികസേവനത്തിന് പോകുന്ന ആദ്യ വനിതയായാണ് ഇസബെല്ല രാജകുമാരി രാജ്യത്തിന്റെ ചരിത്രത്തിലിടം നേടിയത്. ഓ​ഗസ്റ്റ് മൂന്ന് മുതലാണ് 19-കാരിയായ ഇസബെല്ല രാജകുമാരി 11 മാസം നീളുന്ന സൈനികസേവനം ആരംഭിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധാരണക്കാരെപ്പോലെ ഇസബെല്ല രാജകുമാരി സൈനികകേന്ദ്രത്തിലേക്ക് വരുന്ന ​ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

11 മാസം നീളുന്ന നിർബന്ധിത സൈനികസേവനത്തിനായി ആന്റ്വോർസ്കോവ് ബാരക്കിലാണ് രാജകുമാരി റിപ്പോർട്ട് ചെയ്തത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി വേനലവധിക്കാലവും കഴിഞ്ഞാണ് ഇസബെല്ല ബാരക്കിലെത്തിയത്. സാധാരണക്കാരെപ്പോലെ സ്വയം വാഹനമോടിച്ചെത്തിയ രാജകുമാരി ബാ​ഗി ജീൻസും ജാക്കറ്റും അടക്കമാണ് ധരിച്ചിരുന്നത്. തുടർന്ന് പ്രവേശന കവാടത്തിൽ ​ഗാർഡിനെ തിരിച്ചറിയൽ രേഖകൾ കാണിച്ച് പ്രവേശിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. സൈനികകേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും ഇവർ അഭിവാദ്യം ചെയ്തു.

ഡെന്മാർക്കിലെ ഫ്രെഡറിക് പത്താമൻ രാജാവിന്റെയും മേരി രാഞ്ജിയുടെയും മകളാണ് ഇസബെല്ല രാജകുമാരി. സഹോദരൻ സൈനിക സേവനം പൂർത്തിയാക്കിയ അതേ സൈനിക കേന്ദ്രത്തിലാണ് രാജകുമാരിയും സൈനിക പരിശീലനത്തിനും സേവനത്തിനുമായി എത്തിയിരിക്കുന്നത്. അതേസമയം, സൈനികസേവന കാലയളവിൽ മറ്റുള്ളവർക്ക് ലഭിക്കുന്ന മാസശമ്പളവും ദിനബത്തയും തനിക്ക് വേണ്ടെന്ന് രാജകുമാരി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം രാജകുടുംബവും സ്ഥിരീകരിച്ചു. മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണയിലാകും രാജകുമാരി സൈനികസേവനം പൂർത്തിയാക്കുകയെന്നും രാജകുടുംബം അറിയിച്ചു.

യുക്രൈൻ യുദ്ധത്തിന്റെയും യൂറോപ്പിലെ സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ഡെന്മാർക്ക് തങ്ങളുടെ സൈന്യത്തെ അടുത്തിടെയായി കൂടുതൽ ശക്തിപ്പെടുത്തുന്നത്. ഇതിന്റെ ഭാ​ഗമായി 2024 മുതലാണ് രാജ്യത്തെ വനിതകൾക്കും നിർബന്ധിത സൈനികസേവനം ഏർപ്പെടുത്തിയത്. നേരത്തേ നാലുമാസമായിരുന്നു നിർബന്ധിത സൈനികസേവനത്തിന്റെ കാലയളവ്. എന്നാൽ, 2024 മുതൽ ഇത് 11 മാസമാക്കി നീട്ടിയിരുന്നു. ഇസബെല്ല രാജകുമാരി അടക്കം 1600 യുവാക്കളാണ് ഈ ആഴ്ച ആരംഭിച്ച പുതിയ സൈനിക ബാച്ചിൽ പ്രവേശനം നേടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഡിസംബറിൽ തിരികെ പോകും, തന്നെ രാജ്യത്ത് നിന്ന് അടർത്തി മാറ്റാനാകില്ല'; പ്രഖ്യാപനവുമായി ഷെയ്ഖ് ഹസീന
അമേരിക്കയുടെ ആയുധശേഖരം തീരുന്നു; 'ഥാഡ്' മിസൈലുകളുടെ 80% ഉപയോഗിച്ചു തീർത്തതായി റിപ്പോർട്ട്