198 വർഷങ്ങൾക്ക് മുമ്പൊരു ഒക്ടോബർ 4, മെക്സിക്കോയിൽ സംഭവിച്ചത്! അന്ന് മുതൽ ഇന്നുവരെ ലോകം അറിയേണ്ട ചിലതുണ്ട്!

By P R VandanaFirst Published Oct 4, 2022, 7:01 PM IST
Highlights

1824 ലെ ഭരണഘടന രൂപീകരണ വേളയിൽ രാജ്യത്ത് ഉണ്ടായിരുന്നത് 19 സംസ്ഥാനങ്ങളും മൂന്ന് സ്വതന്ത്ര പ്രവിശ്യകളും. പല കൂട്ടിച്ചേർക്കലുകളും പുതുക്കലുകളും ഭരണഘടനയിൽ ഉണ്ടായി

മെക്സിക്കോ എന്ന രാജ്യത്തിന്‍റെ ജനായത്ത ഭരണത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ് പതിറ്റാണ്ടുകൾ മുമ്പ് ഇതേ ദിവസം ആയിരുന്നു. 1824 ൽ ഒക്ടോബർ നാലിന്. ഫെഡറൽ റിപ്പബ്ലിക് ആയുള്ള ഭരണഘടന നിലവിൽ വന്നു. സൈനിക ഉദ്യോഗസ്ഥൻ ആയിരുന്ന ഗ്വാഡലുപെ വിക്ടോറിയ ആദ്യ പ്രസിഡന്‍റ് ആയി. അഗസ്റ്റിൻ ഡെ ഇതുർബൈഡിന്‍റെ ഭരണം മാറ്റി എഴുതിയാണ് കെട്ടിലും മട്ടിലും വേറിട്ട  രീതിയുമായി പുതിയ സർക്കാർ വന്നത്. യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ് എന്നായി പേര്. പ്രാതിനിധ്യ ഫെഡറൽ റിപ്പബ്ലിക് എന്നതായിരുന്നു രൂപം. വിവിധ സംസ്ഥാനങ്ങൾ അതത് സംവിധാനങ്ങളുമായി രാജ്യം എന്ന വലിയ ആശയത്തിന് കീഴിൽ. കാത്തോലിക്കാ വിശ്വാസ പ്രമാണം ഔദ്യോഗിക മതമായി. ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ അധികാര കേന്ദ്രങ്ങൾ നിർവചിക്കപ്പെട്ടു. ലെജിസ്ലേറ്റീവ് അഥവാ നിയമ നിർമാണ സഭയായ കോൺഗ്രസിന് രണ്ട് കേന്ദ്രങ്ങൾ തീരുമാനിക്കപ്പെട്ടു. ചേംബർ ഓഫ് ഡെപ്യൂട്ടീസും ചേംബർ ഓഫ് സെനറ്റേഴ്സും. പരമാധികാരി പ്രസിഡന്റ് ആയിരിക്കും എന്ന് നിശ്ചയിക്കപ്പെട്ടു. പകരക്കാരനും സഹായിയും ആയി വൈസ് പ്രസിഡന്‍റ് എന്ന തസ്തിക. രണ്ടു പേർക്കും നാല് വർഷം ഭരണ കാലാവധി. നീതിയും ന്യായവും ഉറപ്പാക്കാൻ സുപ്രീംകോടതി എന്ന പരമോന്നത നീതിന്യായ കോടതിക്ക് കീഴിൽ സർക്യൂട്ട് കോടതികളും ജില്ലാ കോടതികളും.

ഉത്തരാഖണ്ഡിലെ ഹിമപാതം, മരണസംഖ്യ ഉയരുമോയെന്ന് ആശങ്ക, സംഘത്തിലുണ്ടായിരുന്നത് 41 പേർ, അതീവ ദുഖകരമെന്ന് അമിത് ഷാ

1824 ലെ ഭരണഘടന രൂപീകരണ വേളയിൽ രാജ്യത്ത് ഉണ്ടായിരുന്നത് 19 സംസ്ഥാനങ്ങളും മൂന്ന് സ്വതന്ത്ര പ്രവിശ്യകളും. പല കൂട്ടിച്ചേർക്കലുകളും പുതുക്കലുകളും ഭരണഘടനയിൽ ഉണ്ടായി. 1857ൽ  The Federal Constitution of the United Mexican States നിലവിൽ വന്നു. വ്യക്തി  സ്വാതന്ത്ര്യത്തിന്‍റെയും അവകാശങ്ങളുടേയും കൂടുതൽ വകുപ്പുകൾ എഴുതിച്ചേർക്കപ്പെട്ടു. അഭിപ്രായ പ്രകടനത്തിനും  പൊതു യോഗങ്ങൾക്കും മാധ്യമങ്ങൾക്കും ഉള്ള സ്വാതന്ത്യം ഉറപ്പാക്കൽ ആണ് ഇവയിൽ പ്രധാനം. നാഷണൽ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ജുഡീഷ്യറിയെ കൂടുതൽ സ്വതന്ത്രമാക്കുകയും ചെയ്തു. ആ സമയത്ത് രാജ്യത്ത് 23 സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന് പിന്നീട് ഒരു ഭരണഘടന നിലവിൽ വരുന്നത് 1917ൽ ആണ്. അവിടം മുതൽ ഇന്നാൾ വരെയും മെക്സിക്കോ പാലിക്കുന്ന ഭരണഘടന. ഇപ്പോൾ യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ് എന്ന ഔദ്യോഗിക നാമം വഹിക്കുന്ന മെക്സിക്കോയിൽ ഉള്ളത് 31 സംസ്ഥാനങ്ങൾ. കേന്ദ്രവും സംസ്ഥാനവും നഗരസഭയും ആയി ത്രിതല ഭരണ സംവിധാനം. സ്പെയിനിൽ നിന്ന് സ്വാതന്ത്യം നേടാനുള്ള പോരാട്ടം മുതൽ അമേരിക്കയും ഫ്രാൻസുമായും ഉള്ള യുദ്ധം തുടങ്ങി ആഭ്യന്തര രാഷ്ട്രീയ പോര് വരെ രക്തരൂക്ഷിതമായ നാളുകളും അധികാര കലഹങ്ങളും പല കാലഘട്ടങ്ങളിൽ പല കുറി കണ്ട നാടാണ് മെക്സിക്കോ. പ്രാതിനിധ്യ ജനായത്ത ഭരണസംവിധാനത്തിലേക്ക് പതുക്കെയാണ് രാജ്യം നടന്നു നീങ്ങിയത്. തിരിച്ചറിവുകളും ബോധ്യങ്ങളും ആവശ്യങ്ങളും ഉൾക്കൊണ്ടുള്ള കാലാനുസൃത മാറ്റങ്ങളാണ് ഭരണനടത്തിപ്പിനുള്ള കരടായ ഭരണഘടനയിൽ രാജ്യം വരുത്തിയതും മുന്നോട്ടു പോയതും.

നാഗരികതയിലേക്കുള്ള മാനവരാശിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച കേന്ദ്രങ്ങളിലൊന്ന് മെക്സിക്കോ ആണെന്ന് ചരിത്രകാരൻമാർ പറയുന്നു. യുനെസ്കോയുടെ ലോക പൈതൃക സ്മാരകപട്ടികയിലേക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ രാജ്യങ്ങളിൽ ഏഴാമത് ആണ് മെക്സിക്കോ. സ്വാഭാവിക ജൈവിക വൈവിധ്യത്തിൽ ലോകത്ത് ഏഴാമത്. മയക്കുമരുന്ന് സംഘങ്ങളുടെ തർക്കങ്ങളും അതിക്രമവും ആണ് നാടിനുള്ള ചീത്തപ്പേര്. കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റക്കാരെ കൈകാര്യം ചെയ്യുന്നതിലും പൊലീസ് സംവിധാനത്തിന് നല്ല പേരില്ല. അപ്പോഴും വികസനത്തിന്‍റെയും വ്യാവസായിക വള‍‍ർച്ചയുടേയും മാനദണ്ഡപ്രകാരം മെക്സിക്കോ മുന്നോട്ട് തന്നെയാണ്. ടൂറിസത്തിൽ പ്രത്യേകിച്ചും രാജ്യത്തിന്‍റെ സൂചികകൾ ഗംഭീരമാണ്. മെല്ലെ മെല്ലെ, ഇടക്ക് തട്ടിത്തടഞ്ഞ് വീണും പിന്നെ കരുതലോടെ മുന്നോട്ട് നീങ്ങിയും ആണ് അസമാധാനത്തിന്റെ നാളുകളിൽ നിന്ന് ജനായത്ത പ്രാതിനിധ്യത്തിലേക്ക് മെക്സിക്കോ എത്തിയത്. ഇപ്പോൾ മുന്നോട്ടു പോകുന്നതും അങ്ങനെ തന്നെ. 

നേതാക്കളാരും ഉണ്ടായില്ല, പക്ഷേ കെപിസിസി ആസ്ഥാനത്ത് സ്വീകരണമൊരുക്കി പ്രവർത്തകർ, വോട്ടിന് ഒരേ വിലയെന്ന് തരൂർ

click me!