
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്നതോടെ പാകിസ്ഥാൻ കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. ഇറാൻ - ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ആഗോള എണ്ണ വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലായിരിക്കുകയാണ്. യുദ്ധം മൂലമുണ്ടായ തടസ്സങ്ങൾ പാകിസ്താനെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ ആഘാതം കുറയ്ക്കുന്നതിനായി ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതും 'വർക്ക് ഫ്രം ഹോം' ഉൾപ്പെടെയുള്ളതുമായ കർശന നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് പാക് സർക്കാർ. ഫെഡറൽ, പ്രൊവിൻഷ്യൽ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കടുത്ത തീരുമാനങ്ങൾ എടുത്തതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.
ഇന്ധനം ലാഭിക്കാനായി ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50% വെട്ടിക്കുറച്ചു. ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫെഡറൽ, പ്രൊവിൻഷ്യൽ വകുപ്പുകളിലെ 60% സർക്കാർ വാഹനങ്ങളും ഈ കാലയളവിൽ നിരത്തിലിറക്കില്ലെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളവും മറ്റ് അലവൻസുകളും വാങ്ങില്ലെന്നുമാണ് റിപ്പോർട്ട്. എം.പിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം 25% വെട്ടിക്കുറക്കുകയും ചെയ്യും.
3 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളമുള്ള ഗ്രേഡ്-20 ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ ശമ്പളം ജനക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. എന്നാൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള മറ്റ് സർക്കാർ ചെലവുകൾ നാലാം പാദത്തിൽ 20% വെട്ടിക്കുറച്ചതാണ് മറ്റൊരു നടപടി. ഈ വർഷം ജൂൺ വരെ സർക്കാർ ഓഫീസുകളിലേക്ക് പുതിയ വാഹനങ്ങൾ, ഫർണിച്ചറുകൾ, എയർ കണ്ടീഷണറുകൾ എന്നിവ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന നടപടി. രാജ്യതാൽപ്പര്യത്തിന് അത്യന്താപേക്ഷിതമായ യാത്രകൾ മാത്രമേ അനുവദിക്കൂ. ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ യോഗങ്ങൾ ടെലി കോൺഫറൻസിംഗ് വഴിയാക്കും. ഔദ്യോഗിക വിരുന്നുകളും ഇഫ്താർ പാർട്ടികളും നിരോധിക്കുകയും ചെയ്തു. അത്യാവശ്യ സർവീസുകൾ ഒഴികെയുള്ള പകുതി ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിച്ചു. സർക്കാർ ഓഫീസുകൾ ആഴ്ചയിൽ നാല് ദിവസം മാത്രമേ പ്രവർത്തിക്കൂ. എന്നാൽ ബാങ്കിംഗ് മേഖലയ്ക്ക് ഇത് ബാധകമല്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർച്ച് 16 മുതൽ 31 വരെ ക്ലാസുകൾ ഓൺലൈനായി നടക്കും. സ്കൂളുകൾക്ക് മാർച്ച് 16 മുതൽ രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണ പൂഴ്ത്തിവെക്കുന്നവർക്കും അമിത ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകി. അതേസമയം, ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് പാകിസ്താന്റെ പ്രതിമാസ ഇറക്കുമതി ബില്ല് 600 ദശലക്ഷം ഡോളറിലേക്ക് എത്തിച്ചേക്കാമെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam