
യുഎസ്എയും ഇസ്രയേലും ഇറാനെതിരെ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിൽ നടത്തുന്ന ആക്രമണം 11 -ാം ദിവസത്തിലേക്ക് നീണ്ടിരിക്കുന്നു. ഇതിനിടെ ഇറാനിൽ കനത്ത നാശനഷ്ടമാണ് ഇസ്രയേലിന്‍റെയും യുഎസ്എയുടെയും സംയുക്ത സൈന്യം വിതച്ചത്. ഇസ്രയേലിലും കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. തങ്ങളെ അക്രമിക്കാൻ യുഎസ്എ ഉപയോഗിക്കുന്നവെന്ന കാരണത്താൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ഇറാന്‍റെ അക്രമണത്തിന് ഇരയാക്കിയിരുന്നു. ഇതിനിടെയാണ് ഇറാൻറെ ആക്രമണത്തിൽ ഇസ്രയേൽ നഷണൽ സെക്യൂരിറ്റി മന്ത്രിയായ ഇറ്റാമർ ബെൻ ഗ്വിറും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സഹോദരൻ ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഇത് ഇറാൻറെ വിജയമായി പല സമൂഹ മാധ്യമ ഹാന്‍റിലുകളിലും ആഘോഷിക്കപ്പെട്ടു. എന്നാൽ, യഥാർത്ഥ്യത്തിൽ ഇവർ കൊല്ലപ്പെട്ടോ?
ഇറാൻ ആക്രമണത്തെ തുടർന്ന് ഇറ്റാമർ ബെൻ ഗ്വിറിന്‍റെ വീടിന് തീപിടിച്ചെന്നും ഇതേ തടുർന്ന് പരിക്കേറ്റ ബെൻ ഗ്വിർ മരിച്ചെന്നുമായിരുന്നു പ്രചരിക്കുന്ന വാർത്തകൾ. ഒപ്പം ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ടുന്നും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. എന്നാൽ, ഇവരുടെ മരണത്തെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകൾ. ടെൽ അവീവിലുള്ള ഇറ്റാമർ ബെൻ ഗ്വിറിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായതായി ഔദ്ധ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. അതുപോലെ തന്നെ ഇഡോ നെതന്യാഹുവിന്‍റെ മരണത്തിലും ഇതുവരെ ഔദ്ധ്യോഗിക സ്ഥിരീകരണമില്ല. അതേസമയം ഇറാനിയൻ വ്യോമാക്രമണത്തിൽ നിന്നുള്ള പരിക്ക് മറച്ചുവെക്കാൻ ബെൻ ഗ്വിർ ഒരു വാഹനാപകടത്തിൽ പെട്ടുവെന്ന് ഇസ്രായേലി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ചില സമൂഹ മാധ്യമ പോസ്റ്റുകൾ അവകാശപ്പെട്ടു. എന്നാൽ, അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
2024 ഏപ്രിലിൽ ഇസ്രയേലിലെ റാമള്ളയിൽവച്ച് ട്രാഫിക് സിഗ്നൽ തെറ്റിച്ച് കടന്ന് പോയ ഇറ്റാമർ ബെൻ ഗ്വിറിന്‍റെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. അന്ന് ബെൻ ഗ്വിറിനും മകൾക്കും കാർ ഡ്രൈവർക്കും നിസാര പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്ത ഇപ്പോഴത്തെ സംഘർഷവുമായി ബന്ധിപ്പിച്ച് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. മറ്റ് ചില സമൂഹ മാധ്യമ ഹാന്‍റിലുകളിൽ നെതന്യാഹുവിന്‍റെ സഹേദരൻ കൊല്ലപ്പെട്ടെന്നും അവകാശപ്പെട്ടു. എന്നാൽ ഈ മരണത്തിലും ഇതുവരെ ഔദ്ധ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.
ഇറാൻറെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 28 -നും മാർച്ച് 4 -നും ഇടയിലാണ് ഇസ്രായേലിനെതിരെ ഇറാൻ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയത്. ഈ സമയം ഇസ്രായേലിനെതിരെ ഇറാൻ 90 -ലധികം ആക്രമണ ശ്രമങ്ങൾ നടത്തിയതായി ACLED-ന്‍റെ ഡാറ്റകൾ വ്യക്തമാക്കുന്നു. ഏകദേശം 20 സിവിലിയൻ പ്രദേശങ്ങൾ ഈ വേളയിൽ ആക്രമിക്കപ്പെട്ടു, കുറഞ്ഞത് 10 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 500 -ലധികം ബാലിസ്റ്റിക് മിസൈലുകളും 2000 -ത്തിലധികം ഡ്രോണുകളും പ്രയോഗിച്ചുവെന്നായിരുന്നു ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 40 % ഇസ്രായേലിനെ ലക്ഷ്യം വച്ചും ബാക്കി പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലേക്കുമായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam