
മോസ്കോ: മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു.91 വയസ് ആയിരുന്നു .ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. വൃക്ക രോഗത്തിന് ചികിൽസയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആണ് മരണം. സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് ആയിരുന്നു മിഖായേൽ ഗോർബച്ചേവ് . സോവിയേറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.
സോവിയേററ് യൂണിയനെ ജനാധിപത്യവൽകരിക്കാൻ ശ്രമിച്ച നേതാവ് ആണ് മിഖായേൽ ഗോർബച്ചേവ്. പാർട്ടിക്കുളളിൽ മിഖായേൽ ഗോർബച്ചേവ് നിശിതമായ വിമർശിക്കപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിർണയിച്ച ആളാണ് മിഖായേൽ ഗോർബച്ചേവ്. രാഷ്ട്രീയത്തിൽ നിന്ന് മാറി സാമൂഹിക ഇടപെടലുകളുമായി കഴിയുകയായിരുന്നു മിഖായേൽ ഗോർബച്ചേവ്
ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവ് കൂടിയാണ് മിഖായേൽ ഗോർബച്ചേവ്. 1990 ൽ സമാധാനത്തിന് ഉളള നൊബേൽ സമ്മാനം നേടി. പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങൾ അവതരിപ്പിച്ച ആളാണ് മിഖായേൽ ഗോർബച്ചേവ്. പലതവണ വധ ശ്രമങ്ങളൽ നിന്ന് മിഖായേൽ ഗോർബച്ചേവ് രക്ഷപെട്ടിട്ടുണ്ട് . മിഖായേൽ ഗോർബച്ചേവിന്‍റെ അന്ത്യത്തിൽ ലോകനേതാക്കൾ അനുശോചിച്ചു
ഗോര്‍ബച്ചേവിൻ്റെ കഥ...
ചരിത്രവ്യക്തിത്വങ്ങൾ കാലത്തിരശ്ശീലയിൽ മറയുന്ന നേരത്ത് കാലഘട്ടത്തിന്‍റെ ഭാഗധേയം നിർണയിച്ചയാളെന്ന് ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ മിഖായേൽ ഗോർബച്ചേവ് അക്ഷരാർത്ഥത്തിൽ അതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാന പാദം സോവിയറ്റാനന്തരം എന്ന ചരിത്ര സന്ദർഭമായി മാറിത്തീർന്ന നയങ്ങൾ സ്വീകരിച്ച നേതാവ്.
ആധുനിക ലോകരാഷ്ട്രീയം സ്തംഭിച്ചുനിന്ന 1991 ലെ ക്രിസ്മസ് രാത്രി. മോസ്കോയിലെ ക്രംലിംൻ കൊട്ടാരത്തിന് മുകളിൽ നിന്ന് ചെങ്കൊടിയിറങ്ങിയ ദിവസം. മഹത്തായ സോവിയറ്റ് യൂണിയൻ പതിനഞ്ച് രാജ്യങ്ങളായി ചിതറി. അനുരണനങ്ങൾ ചെറുതല്ലായിരുന്നു.
ലോകമെങ്ങുമുള്ള ഉൽപ്പതിഷ്ണുക്കൾ പ്രതീക്ഷയോടെ നോക്കിയിരുന്ന ഒരു ജീവിത വ്യവസ്ഥയുടെ തകർച്ച, ഇരുമ്പുമറ തകർന്നപ്പോൾ വെളിവായ കറുത്ത യാഥാർത്ഥ്യങ്ങൾ, ഏകധ്രുവ ലോകത്തിന്‍റെ ഉദ്ഘാടനം, മൂലധനത്തിന്‍റെ സമഗ്രാധിപത്യം അങ്ങനെ ലോകരാഷ്ട്രീയത്തിന്‍റെ ക്രമം കീഴ്മേൽ മറിഞ്ഞ കാലത്തെ നിർണയിച്ചതിൽ ഒന്നാം പങ്കുകാരൻ ഗോർബച്ചേവായിരുന്നു.
സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റയുടൻ ഗോർബച്ചേവ് പ്രഖ്യാപിച്ച നയങ്ങളായിരുന്നു ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും. രാജ്യത്തിന്‍റെ ക്രമത്തെ തന്നെ ഉടച്ചുവാർത്ത പുനക്രമീകരണം. യുഎസ്എസ്ആറിന്‍റെ പതനം വരെ കൊണ്ടെത്തിച്ച ഗോർബച്ചേവിന്‍റെ ഉദാര സമീപനം ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷത്തെയും നിരാശരാക്കി. അതേവെളയിൽ തന്നെ റഷ്യയിലും മധ്യ. കിഴക്കൻ യൂറോപ്പിലും ഗോർബച്ചേവ് സ്വാതന്ത്രവും സമാധാനവും കൊണ്ടുവന്നുവെന്ന് വാഴ്ത്തപ്പെട്ടു. വിമോചകനെന്നും കരിങ്കാലിയെന്നും ഗോർബച്ചേവ് ചരിത്രത്തിൽ രേഖപ്പെടുന്നു.
ഏതായാലും അമേരിക്കയും റഷ്യയും തമ്മിൽ നിലനിന്ന ശീതയുദ്ധത്തിന്‍റെ വിരാമത്തിനും ആ ചരിത്ര സന്ദർഭം കാരണമായി. അതിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം വരെ ഗോർബച്ചേവിനെ തേടിയെത്തി.
റഷ്യ യുക്രൈൻ പ്രശ്നത്തിൽ ഇടപെടുന്നവർ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്ന പുടിന്‍റെ പുതിയ കാലമാണിത്. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളിൽ ഇടപെടും എന്നുപറഞ്ഞത് വ്ലാദിമിർ ലെനിനാണ്. 91ആം വയസിൽ ഗോർബച്ചേവ് കഥാവശേഷനാകുമ്പോൾ പ്രസക്തമാകുന്ന വാചകം. പോയകാലത്തിൽ നിന്ന് പാഠങ്ങൾ പഠിച്ചും മാറ്റത്തിന്‍റെ ദശാസന്ധികളെ വിശകലനം ചെയ്തും ചരിത്രമപ്പോഴും തുടർപ്രക്രിയയാകുന്നു.