
ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ അമേരിക്ക ഫണ്ട് നൽകി എന്ന റിപ്പോർട്ടുകൾ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം രാജ്യത്തെ ബന്ധപ്പെട്ട് ഏജൻസികൾ പരിശോധിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. യു എസ് ഫണ്ട് ആരോപണത്തിൽ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നൽകി. അതേസമയം ഇന്ത്യക്കെന്ന പേരിൽ മാറ്റി വച്ച ഫണ്ട് ബംഗ്ലാദേശിനാണ് യഥാർത്ഥത്തിൽ നൽകിയതെന്ന മാധ്യമ റിപ്പോർട്ടുകൾ ബി ജെ പി തള്ളി. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചു എന്ന ട്രംപിന്‍റെ ആരോപണം കോൺഗ്രസിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.
'മൂന്നാം ലോകമഹായുദ്ധം വിദൂരമല്ല': തന്‍റെ നേതൃത്വം യുദ്ധം തടയുമെന്ന് ട്രംപ്
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ 21 മില്യൺ ഡോളർ അഥവാ 180 കോടി രൂപയുടെ ഫണ്ട് എത്തിയെന്ന് ഇന്നലെ ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇന്നും ട്രംപ് ഇക്കാര്യം ആവർത്തിച്ചു. ഈ പണം കൈക്കൂലിയാണെന്നും നൽകിയവർക്ക് ഇതിന്‍റെ വിഹിതം കിട്ടുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചു എന്ന ട്രംപിന്‍റെ ആരോപണത്തിന് പിന്നാലെ ബി ജെ പി, കോൺഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്പോര് തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ യു എസ് ഫണ്ട് നൽകി എന്നതിൽ അന്വേഷണം തുടങ്ങി എന്ന സൂചനയാണ് വിദേശകാര്യ വക്താവ് നൽകിയത്.
എന്നാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഈ തുക ഉപയോഗിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. 21 ദശലക്ഷം ഡോളർ പോയത് ബംഗ്ലാദേശിലേക്ക് എന്ന് തെളിയ്ക്കുന്ന രേഖകളം പത്രം പുറത്തു വിട്ടു. ബംഗ്ലാദേശിലെ വിദ്യാർത്ഥി സംഘടനകൾക്കാണ് പണം നൽകിയതെന്നാണ് രേഖകൾ. എന്നാൽ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഒരേ തുക കിട്ടിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ബംഗ്ലാദേശിലേക്കല്ല കോൺഗ്രസിലേക്കാണ് ഫണ്ട് പോയതെന്നാണ് ബി ജെ പി പ്രതികരിച്ചത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. ബി ജെ പി തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ് പ്രതികരിച്ച കോൺഗ്രസ് ഇത്രയും തുക എത്തിയപ്പോൾ അജിത് ഡോവലും അന്വേഷണ ഏജൻസികളും എവിടെയായിരുന്നവെന്ന് തിരിച്ചടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam