
ദില്ലി: ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലുള്ള കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ ഇടപടെല്‍ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. നയതന്ത്ര ഉദ്യോഗസ്ഥര്‍ നാവികരുമായി സംസാരിച്ചു.
മോചനത്തിനായി എല്ലാ ശ്രമവും തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 16 ഇന്ത്യക്കാര്‍ തടവിലെന്നാണ് വിവരം. കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി നല്‍കി.
കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്‍റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു.
ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികൾ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയൽ ഗിനി യുദ്ധകപ്പലിൽ പാർപ്പിച്ചത്. നൈജീരയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചു. ഗിനിയിൽ തന്നെയുള്ള ലൂബ തുറമുഖം വഴി കൊണ്ടുപോകുമെന്ന് ഇപ്പോൾ സൈന്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കൈമാറ്റ ഭീഷണി നിലനിർത്തി തുടർച്ചയായി ജീവനക്കാരെ തുറമുഖത്തേക്കും തിരിച്ചും കൊണ്ടുപോകുന്ന ഇക്വിറ്റോറിയൽ ഗിനിയുടെ നടപടി ഏതെങ്കിലും സമ്മർദ്ദതന്ത്രത്തിന്‍റെ ഭാഗമാണോയെന്ന സംശയവും ഉയരുന്നുണ്ട്.