അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. 1979-ലെ നയതന്ത്ര പ്രതിസന്ധിയിൽ തുടങ്ങി, ആണവ കരാറിന്റെ തകർച്ചയിലൂടെ കടന്നുപോയി ഇന്നത്തെ സംഘർഷത്തിൽ എത്തിനിൽക്കുന്ന അമേരിക്ക-ഇറാൻ ശത്രുതയുടെ ചരിത്രം
ലോകം ആശങ്കപ്പെട്ടത് ഒടുവിൽ സംഭവിച്ചു! മാസങ്ങളായി നിലനിന്ന ആശങ്കകൾക്ക് അന്ത്യം കുറിച്ചുകൊണ്ട്, പശ്ചിമേഷ്യയെ അഗ്നിപർവ്വതത്തിന് മുകളിൽ നിർത്തി ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ സംയുക്ത ആക്രമണം നടത്തിയിരിക്കുന്നു. ഇറാന്റെ ഭരണസിരാകേന്ദ്രമായ ടെഹ്‌റാനെ ലക്ഷ്യമിട്ട് മിസൈലുകൾ വർഷിച്ചതോടെ ക്തരൂഷിതമായ അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്. ആക്രമണത്തിന് മണിക്കൂറുകൾക്കകം തന്നെ ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ ഗൾഫ് മേഖല ഒരു വൻയുദ്ധത്തിന്റെ നിഴലിലായിക്കഴിഞ്ഞു. ഇറാൻ തിരിച്ചടി തുടങ്ങിയതോടെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ഏറെ പഴക്കമുണ്ട്.
1950-കളില്‍ യുഎസിന്റെ സ്വന്തക്കാരനായ ഷാ പഹലവിയുടെ ഭരണകാലത്താണ് ഇറാന്‍ ആണവപദ്ധതി ആരംഭിച്ചത്. അന്നവര്‍ക്ക് സഹായം നല്‍കിയത് അമേരിക്കയായിരുന്നു. 1958-ല്‍ ഐ.എ.ഇ.എയില്‍ ഇറാന്‍ അംഗമായി. 1963-ല്‍ അമേരിക്ക ഇറാന് ഗവേഷണ റിയാക്ടര്‍ നല്‍കി. 1970-കളില്‍ ഫ്രാന്‍സും പശ്ചിമ ജര്‍മ്മനിയുമെല്ലാം ഇറാന് ആണവായുധ നിർമ്മാണത്തിനുളള സഹായങ്ങള്‍ നല്‍കി. പക്ഷേ, 1979-ല്‍ ഇസ്ലാമിക വിപ്ലവം വന്നതോടെ എല്ലാം മാറി. ഇറാന്റെ അണുബോംബ് അമേരിക്കയ്ക്ക് മുന്നിൽ വെല്ലുവിളിയായി. തൊട്ടുപിന്നാലെ ഇറാന്‍-ഇറാഖ് യുദ്ധമുണ്ടായി. ഇറാന്റെ രണ്ട് ആണവ റിയാക്ടറുകള്‍ ഇറാഖ് ബോംബിട്ടു തകര്‍ത്തു. യുദ്ധം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഇറാന്‍ ആണവപദ്ധതികള്‍ പുനരാരംഭിച്ചു. ഇറാന്റെ കൈവശമുള്ള ആണവായുധങ്ങളാണ് ഇന്ന്, ഇറാനെ ആക്രമിക്കാനുള്ള ്രടംപിന്റെയും നെതന്യാഹുവിന്റെയും മുറവിളികളില്‍ എത്തിനില്‍ക്കുന്നതെന്നത് വ്യക്തം.
ഇസ്ലാമിക വിപ്ലവം
ഇറാനിലെ യുഎസിന്റെ സ്വന്തക്കാരായ ഷാ ഭരണകൂടത്തിനെതിരെ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിലെ ഇസ്ലാമിസ്റ്റുകൾ നടത്തിയ വിപ്ലവമാണ് ഇറാനിലെ ഇസ്‌ലാമിക വിപ്ലവം എന്നറിയപ്പെടുന്നത്. ഇറാനിയൻ വിപ്ലവം, ഇസ്‌ലാമിക വിപ്ലവം,1979 വിപ്ലവം എന്നൊക്കെ അറിയപ്പെടുന്ന ഇത് ഇരുപതാം നൂറ്റാണ്ടിൽ സ്വാധീനം ചെലുത്തിയ പ്രധാന സംഭവങ്ങളിലോന്നായി കണക്കാപ്പെടുന്നു. വിപ്ലവത്തിന്റെ വിജയത്തെ തുടർന്ന് ഷാ അധികാരം ഉപേക്ഷിച്ചു നാടുവിടുകയും ആയത്തുള്ള ഖുമൈനി ഇറാനിൽ തിരിച്ചെത്തി അധികാരം ഏറ്റെടുക്കുകയും ചെയ്തു.
1979 നവംബർ 4 ലാണ് ഇറാനിലെ ടെഹ്റാനിലെ യുഎസ് എംബസി പിടിച്ചെടുത്ത് 52 ഉദ്യോഗസ്ഥരെ 444 ദിവസം തടങ്കലിലാക്കിയത്. 1980 ഏപ്രിലിൽ അമേരിക്ക ഇറാനുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു. യാത്രാവിലക്കും ഏർപ്പെടുത്തി. വലിയ നീക്കങ്ങൾക്കും ലോകരാജ്യങ്ങളിടപെട്ടുള്ള ചർച്ചകളുമടക്കം നടന്നു. നീണ്ട 9 മാസങ്ങൾക്ക് ശേഷമാണ് അവസാന ബന്ദിയെയും ഇറാൻ വിട്ടയച്ചത്.
ചരിത്രപരമായ ആണവ കരാർ
2015 ജൂലൈയിൽ ഇറാനുമായുള്ള ചരിത്രപരമായ ആണവ കരാർ വിയന്നയിൽ വെച്ച് ഒബാമ ഭരണകൂടം പൂർത്തിയാക്കി. ഈ കരാറിലൂടെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുകയും അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഈ കരാർ ഇറാനെ അന്താരാഷ്ട്ര സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇറാൻ്റെ സാമ്പത്തിക ഒറ്റപ്പെടൽ അവസാനിപ്പിക്കുന്നതിനും സഹായിച്ചു. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കുക ഒപ്പം ആഗോള സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം.
ട്രംപിന്റെ പിന്മാറ്റവും കരാറിന്റെ തകർച്ചയും
എന്നാൽ 2018-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരെയും എണ്ണ കമ്പനികൾക്കെതിരെയും വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ കരാറിന്റെ നിലനിൽപ്പ് അപകടത്തിലായി. തൊട്ടടുത്ത വർഷം മുതൽ കരാറിലെ നിബന്ധനകളിൽ നിന്ന് ഇറാനും പിന്നോട്ട് പോകാൻ തുടങ്ങി. നയതന്ത്ര ചർച്ചകൾ പലതവണ നടന്നുവെങ്കിലും പരിഹാരമുണ്ടായില്ല. ഇതിന്റെ തുടർച്ചയായി 2025 സെപ്റ്റംബർ 28 ന് ഐക്യരാഷ്ട്രസഭ ഇറാനെതിരെ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഈ ഒക്ടോബറിൽ ആണവ കരാർ ഔദ്യോഗികമായി അവസാനിച്ചു.
2026 ൽ ഇറാനെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങളും ആശങ്കകളും തുടങ്ങിയത് ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് അമേരിക്ക സഹായം ചെയ്യുന്നുവെന്ന് ഇറാൻ ആരോപിച്ചു. ആഭ്യന്തര കലാപവും പ്രക്ഷോഭകാരികളെയും അടിച്ചമർത്താൻ ഇറാൻ ശ്രമിക്കുന്നതിനെതിരെ ട്രംപ് രംഗത്തെത്തി. ഇറാനെ ഭീഷണിപ്പെടുത്തുകയും ആഭ്യന്തര പ്രക്ഷോഭകാരികൾക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ ഗൾഫ് മേഖലയിലേക്ക് വൻ യുദ്ധക്കപ്പലുകളുടെ വ്യൂഹത്തെ അയക്കുകയും ചെയ്തു. അതിന് ശേഷം ആഴ്ചകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ഫെബ്രുവരി ആദ്യം ഒമാന്റെ മധ്യസ്ഥതയിൽ പരോക്ഷമായ ചർച്ചകൾ ആരംഭിച്ചെങ്കിലും, പുതിയ ആക്രമണങ്ങളോടെ സമാധാന സാധ്യതകൾ മങ്ങിയിരിക്കുകയാണ്.


