ആക്രമണ സമയത്ത് ഖമനേയി ടെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നു എന്നുമാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം എവിടേക്കാണ് മാറ്റിയത് എന്നത് വ്യക്തമല്ല.
ടെഹ്റാൻ: ഇറാനെതിരെ യുഎസ് സഹായത്തോടെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകിയിരിക്കുയാണ് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ഇറാനും ഇസ്രയേലും തമ്മിൽ ആക്രമണ പ്രത്യാക്രമണം നടത്തുന്നതിനിടെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി എവിടെ ആണെന്നാണ് എല്ലാവരും തിരയുന്നത്. ഇറാന്‍റെ തലസ്ഥാനനഗരമായ ടെഹ്റാനിലുള്ള ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യത്തെ ആക്രമണങ്ങളിൽ നാശനഷ്ടം സംഭവിച്ചത്. ഇറാനെതിരെ ഇസ്രയേലും യുഎസും ശനിയാഴ്ച ആക്രമണം ആരംഭിച്ചതിന് ശേഷം ആയത്തുള്ള അലി ഖമനേയി എവിടെ ആണെന്നത് സംബന്ധിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല.
ആക്രമണ സമയത്ത് ഖമനേയി ടെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ ഒരിടത്തേക്ക് ഖമനേയിയെ മാറ്റിയിരുന്നു എന്നുമാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഖമനേയിയെ എവിടേക്കാണ് മാറ്റിയത് എന്നതിനെക്കുറിച്ചോ എപ്പോഴാണ് മാറ്റിയത് എന്നതിനെക്കുറിച്ചോ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം ഇസ്രയേലിനെതിരെയും അറബ് രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെയുമുള്ള ഇറാന്‍റെ തിരിച്ചടി തുടരുകയാണ്. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാന്‍റെ പ്രത്യാക്രമണം ഉണ്ടായി.
ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം യുഎസ് സേന ഇറാനെതിരെ വലിയ തോതിലുള്ള സൈനിക നടപടി ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ട്രംപ് ആക്രമണം സ്ഥിരീകരിച്ചത്. ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള സമീപകാല ഭീഷണികളെ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് ഇറാന് നേരെയുള്ള ആക്രമണത്തെ ട്രംപ് ന്യായീകരിച്ചത്.


