
ജറുസലേം: ഇറാനിലെ ഇസ്ലാമിക ഭരണകൂടം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്‍റിനെ ഒന്നാം നമ്പർ ശത്രു ആയിട്ടാണ് ഇറാൻ കാണുന്നതെന്നും നെതന്യാഹു ആരോപിച്ചു. ഫോക്സ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അവർക്ക് അദ്ദേഹത്തെ കൊല്ലണം. അദ്ദേഹം ഒന്നാം നമ്പർ ശത്രുവാണ്. അദ്ദേഹം ഒരു നിർണ്ണായക നേതാവാണ്. മറ്റുള്ളവർ ചെയ്തതുപോലെ ദുർബലമായ രീതിയിൽ അവരുമായി വിലപേശാൻ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറിയതും ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതും ചൂണ്ടിക്കാട്ടി നെതന്യാഹു ട്രംപിനെ പ്രശംസിച്ചു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുന്നതിൽ ട്രംപിന്‍റെ ശക്തമായ നിലപാട് അദ്ദേഹത്തെ പ്രധാന ലക്ഷ്യമാക്കി. അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, നിങ്ങൾ ആണവായുധം ഉണ്ടാകാൻ പാടില്ല, അതിനർത്ഥം നിങ്ങൾക്ക് യുറേനിയം സമ്പുഷ്ടീകരിക്കാൻ കഴിയില്ല' എന്നാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. 'ഇറാനികൾ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നാലാം ദിനവും ഇസ്രയേൽ- ഇറാൻ സംഘർഷം ആളിക്കത്തുമ്പോൾ ഇരു രാജ്യങ്ങളും സമാധാനപരമായ കരാറിൽ എത്തണമെന്ന നിലപാട് ട്രംപ് ആവർത്തിക്കുകയാണ്. ഇരു രാജ്യങ്ങളോടും ബഹുമാനമെന്നും സമാധാന ചർച്ചകൾക്കുള്ള സമയമായെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam