
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം ഇടിച്ചിറങ്ങി അഗ്നിഗോളമായി വിമാനം. പൈലറ്റ് അടക്കം 12 പേർ കൊല്ലപ്പെട്ടു. സ്കൈ ഡൈവിംഗ് സംഘവുമായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കയിലെ മിസോറിയിലെ ബട്ലർ മെമ്മോറിയൽ വിമാനത്താവളത്തിന് സമീപമാണ് വലിയ അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 11.35 ഓടെയാണ് വിമാനം സ്കൈ ഡൈവിംഗ് സംഘവുമായി ടേക്ക് ഓഫ് ചെയ്തത്. എന്ന് ടേക്ക് ഓഫിന് പിന്നാലെ ആവശ്യമായ ഉയരത്തിലേക്ക് എത്താൻ സ്കൈഡൈവ് കാൻസസ് സിറ്റി എന്ന സ്വകാര്യ കമ്പനിയുടെ സിംഗിൾ എഞ്ചിൻ ടർബോപ്രോപ്പ് വിമാനത്തിന് സാധിക്കാതെ വരികയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും മാരകമായ സ്കൈഡൈവിംഗ് വിമാനാപകടങ്ങളിൽ ഒന്നാണിത്. കാൻസസ് സിറ്റിക്ക് സമീപമുള്ള ബട്‌ലർ നഗരത്തിൽ രാവിലെ 11:30 ഓടെയാണ് സംഭവം നടന്നത്. റൺവേയിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാൻ സാധിച്ചില്ല. തുടർന്ന് വിമാനം പെട്ടെന്ന് ഇടത്തോട്ട് തിരിഞ്ഞ് റൺവേയിൽ നിന്ന് ഏകദേശം 300 യാർഡ് അകലെയുള്ള പുൽമേട്ടിലേക്ക് മൂക്കുകുത്തി വീഴുകയായിരുന്നുവെന്നും വിമാനത്താവള അധികൃതർ വിശദമാക്കുന്നത്.
വിമാനം നിലംപതിച്ചയുടൻ തന്നെ അതിശക്തമായ തീപിടുത്തമുണ്ടാവുകയും അവശിഷ്ടങ്ങൾ പൂർണ്ണമായി കത്തിയമരുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിൻ പെട്ടെന്ന് കേടായതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എഞ്ചിൻ്റെ കരുത്ത് നഷ്ടപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് വിമാനം തൊട്ടടുത്തുള്ള ഹൈവേയിൽ ഇറക്കാൻ ശ്രമിച്ചതാണെന്നും എന്നാൽ നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നുവെന്നും വിമാനത്താവള മാനേജർ ഡെന്നിസ് ജേക്കബ്സ് വിശദമാക്കുന്നത്. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കൾ പലരും വിമാനം തകർന്നുവീഴുന്ന ദാരുണമായ കാഴ്ചയ്ക്ക് സാക്ഷികളാവേണ്ടിയും വന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ല. തകർന്നുവീഴുന്നതിന് മുൻപ് ആരെങ്കിലും വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയിട്ടുണ്ടോ എന്നറിയാൻ ഡ്രോണുകൾ ഉപയോഗിച്ചും കാൽനടയായും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മരണപ്പെട്ടവരിൽ ഒൻപത് പേർ പരിചയസമ്പന്നരായ സ്കൈഡൈവർമാരും രണ്ട് പേർ ആദ്യമായി പരീക്ഷണ സ്കൈഡൈവിംഗിന് എത്തിയവരുമായിരുന്നു.
അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട പസഫിക് എയ്‌റോസ്‌പേസ് 750XL എന്ന വിമാനം 2010-ൽ നിർമ്മിച്ചതാണെന്നും സ്കൈഡൈവിംഗിനായി വ്യാപകമായി ഉപയോഗിക്കുന്നതാണെന്നും രേഖകൾ വ്യക്തമാക്കുന്നു. അപകടത്തിന് കാരണമായത് പൈലറ്റിന്റെ പരിചയക്കുറവോ അതോ ഇന്ധന ഫിൽട്ടറിലോ ഇന്ധനത്തിൽ വെള്ളം കലർന്നതിലോ ഉണ്ടായ തകരാറാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam