'ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ'; ട്രംപിൻ്റെ പ്രഖ്യാപനം ഇങ്ങനെ; എണ്ണവിലയിലും ഇടിവ്

Published : Jun 15, 2026, 05:14 AM IST
Trump on US Iran Peace Deal

Synopsis

'ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ' എന്ന് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം. 

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ' എന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ആഹ്വാനം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനും യുഎസും തമ്മിൽ സമാധാന കരാറിൽ ധാരണയിലെത്തിയെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യം ശരിവെച്ച് ട്രംപ് രംഗത്തെത്തിയത്.

"ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് ടോൾ ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ"- ട്രംപ് അറിയിച്ചു.

ജൂൺ 19ന് സ്വിറ്റസർലൻഡിൽവെച്ച് സമാധാന കരാർ ഒപ്പിടുമെന്നാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ്റെ പ്രഖ്യാപനം. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കുമെന്ന് ഇരുപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ വർഷം ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ തുടങ്ങിയ സംഘർഷത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെയും ഇറാനിലും ലെബനനിലുമാണ്. അടിക്ക് തിരിച്ചടിയെന്നോണം ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസിൻ്റെ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിലും വ്യാപക നാശം സംഭവിച്ചു. ഇതിന് പിന്നാലെ, ആഗോളതലത്തിൽ സമുദ്രമാർഗമുള്ള എണ്ണക്കടത്തിന്റെ ഏകദേശം 20-25 ശതമാനം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണവിലയും കുതിച്ചു. തുടർന്ന് യുഎസ് നാവികസേന ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയത് സാഹചര്യം കൂടുതൽ വഷളാക്കി.

എണ്ണവിലയിൽ ഇടിവ്

ഇരുരാജ്യങ്ങളും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിലിൽ വിലയിൽ നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്രൻ്റ് ക്രൂഡ് ഓയിൽ വില 3.51 ഡോളർ കുറഞ്ഞ് ബാരലിന് 83.82 ഡോളറിലേക്ക് താഴ്ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒടുവിൽ യുദ്ധവിരാമം; യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്
വ്യാപാരം ഇരട്ടിയാക്കും, പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കും; മോദി - മക്രോൺ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ