
വിയന്ന: സിഗരറ്റ് വലിക്കാനായി ഹൈ സ്പീഡ് ട്രെയിനിന് പുറത്തിറങ്ങി. ട്രെയിൻ നീങ്ങിയതിന് പിന്നാലെ ട്രെയിനിൽ തൂങ്ങിക്കിടന്ന യുവാവിന് അത്ഭുത രക്ഷ. ഓസ്ട്രിയയിൽ ശനിയാഴ്ച രാത്രിയാണ് അസാധാരണ സംഭവങ്ങൾ നടന്നത്. വിയന്നയുടെ പശ്ചിമ മേഖലയിലുള്ള സെന്റ് പോൾട്ടൻ സ്റ്റേഷനിൽ വച്ചാണ് യുവാവ് ഹൈ സ്പീഡ് ട്രെയിനിൽ തൂങ്ങിക്കിടന്നത്. സംഭവം യാത്രക്കാരുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ അടിയന്തരമായി ട്രെയിൻ നിർത്തി യാത്രക്കാരനെ ഹൈസ്പീഡ് ട്രെയിനിന് അകത്തേക്ക് കയറ്റിയെന്നാണ് ഓസ്ട്രിയൻ റെയിൽവേ വക്താവ് അവകാശപ്പെടുന്നത്.
തികച്ചും ഉത്തരവാദിത്തമില്ലാത്ത നടപടിയാണ് യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത്തരം സാഹസികതകൾ ജീവൻ കളയുമെന്നാണ് ഓസ്ട്രിയൻ റെയിൽവേ വക്താവ് ഹെർബെർട്ട് ഹോഫർ ദി ഗാർഡിയനോട് പ്രതികരിച്ചത്. ആരും ഇത്തരത്തിൽ സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്നും ട്രെയിനിൽ നിന്ന് പിടിവിട്ട് ട്രാക്കിലേക്ക് വീണാൽ നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാവില്ലെന്നും റെയിൽ വേ വക്താവ് കൂട്ടിച്ചേർക്കുന്നത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്കുള്ള ഹൈസ്പീഡ് ട്രെയിൻ യാത്രയ്ക്കിടെയാണ് അസാധാരണ സംഭവങ്ങൾ നടന്നത്. യാത്രക്കാരനെ അത്ഭുതകരമായി രക്ഷിച്ച ശേഷം യാത്ര പുനരാരംഭിച്ച ട്രെയിൻ ഏഴ് മിനിറ്റ് വൈകിയാണ് വിയന്നയിൽ എത്തിച്ചേർന്നത്. മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിൽ സർവ്വീസ് നടത്തുന്നവയാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്ന റെയിൽ ജെറ്റ് ട്രെയിനുകൾ.
സെന്റ് പോൾട്ടൻ സ്റ്റേഷനിൽ നിന്ന് ട്രെയിൻ അനങ്ങിത്തുടങ്ങിയതിന് പിന്നാലെ യുവാവ് രണ്ട് ബോഗികൾക്ക് ഇടയിലെ ചെറിയ ഇടത്താണ് യുവാവ് തൂങ്ങിക്കിടന്നത്. പ്ലാറ്റ്ഫോമിലിറങ്ങി പുകവലിക്കുന്നതിനിടെയാണ് സംഭവങ്ങൾ. ട്രെയിൻ പുറപ്പെട്ടതിന് പിന്നാലെ തന്നെ ജനാലകളിൽ തട്ടി യാത്രക്കാരുടെ ശ്രദ്ധ നേടാൻ സാധിച്ചതാണ് യുവാവിന് രക്ഷയായത്. അൾജീരിയൻ സ്വദേശിയായ 24കാരനാണ് അതിസാഹസം കാണിച്ചത്. ഇയാളെ വിയന്നയിലെത്തിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജനുവരി മാസത്തിലും സമാനമായ ഒരു സംഭവം ജർമനിയിലെ ഹൈസ്പീഡ് ട്രെയിനിൽ നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം