
ഹൈദരാബാദ്: ലോക സുന്ദരിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 72 -ാമത് ലോകസൗന്ദര്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെക്ക് നാളെ ഹൈദരാബാദിലാണ് കൊടിയിറങ്ങുക. രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്ത ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഴകിന്റെ റാണിമാരെ വരവേൽക്കാൻ ഹൈദരബാദ് ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ തയ്യാറായി കഴിഞ്ഞു. കിരീടം ചൂടാൻ കാത്ത് നിൽക്കുന്നത് വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള നൂറോളം സുന്ദരിമാരാണ്. രാജസ്ഥാനിലെ കോട്ടയിലെ കർഷക കുടുംബത്തിൽ നിന്ന് വരുന്ന 21കാരി നന്ദിനി ഗുപ്ത ഇതിനകം സെമി ബർത്ത് ഉറപ്പിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയെയും മുൻ ലോക സുന്ദരി പ്രിയങ്ക ചോപ്രയെയും റോൾ മോഡലാക്കിയ ഈ ബിസിനസ് മാനേജ്മെന്റ് ബിരുദധാരി, സൗന്ദര്യമത്സരത്തിലെ ഇതുവരെയുള്ള കടമ്പകളെല്ലാം അനായാസം താണ്ടി കഴിഞ്ഞു. അഴകളവിനൊപ്പം ബുദ്ധിയും മനസാന്നിധ്യയും വാക് ചാതുരിയും കായികക്ഷമതയുമെല്ലാം പരീക്ഷിക്കപ്പെടുന്ന റൗണ്ടുകളിൽ മത്സരാർഥികൾ ഒന്നിനൊന്ന് മികവാണ് പുറത്തെടുക്കുന്നത്. 40 പേരടങ്ങുന്ന സെമി ഫൈനലിസ്റ്റുകളിൽ നിന്ന് 20 ലേക്കും, അവസാനം എട്ടിലേക്കും സുന്ദരിമാരുടെ പട്ടിക ചുരുങ്ങും. ടോപ്പ് എട്ടിൽ നിന്നും നാലു പേരായി അന്തിമ പട്ടികയെത്തിക്കഴിഞ്ഞാൽ പിന്നെ ആവേശം എല്ലാ സീമകളും കടക്കും. ഒടുവിൽ ആ 4 പേരിൽ ഒരാൾ സുന്ദരിപട്ടം അണിയും.
ഇന്ത്യൻ പ്രതീക്ഷകളത്രയും പേറുന്നത് രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്തയാണ്. സെമി ബർത്ത് ഉറപ്പിച്ച നന്ദിനി എല്ലാ കടമ്പയും കടന്ന് സ്വപ്ന കിരീടത്തിൽ മുത്തമിട്ടാൽ ഇന്ത്യക്കും അത് അഭിമാന നിമിഷമാകും. കഴിഞ്ഞ തവണ മുബൈയിൽ നടന്ന മത്സരത്തിൽ ടോപ്പ് 8 വരെ എത്തി പുറത്തായതാണ് ഇന്ത്യയുടെ സിനി ഷെട്ടി. ആ നഷ്ടം നന്ദിനി നികത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്വന്തം മണ്ണിൽ മത്സരിക്കുന്നത് അഭിമാനമെന്ന് പ്രഖ്യാപിച്ച നന്ദിനി വലിയ പ്രതീക്ഷയാണ് ഇന്ത്യക്ക് സമ്മാനിക്കുന്നത്. 2023 ലെ മിസ് ഇന്ത്യയാണ് നന്ദിനി ഗുപ്ത. ഒരു മില്യൺ ഡോളർ, ഏകദേശം എട്ടരകോടിയോളം രൂപയാണ് ജേതാവിനെ കാത്തിരിക്കുന്നത്.
ഒരു മാസം മുമ്പ് തുടക്കം കുറിച്ച മിസ് വേൾഡ് മത്സരത്തിനിടെ വിവാദങ്ങൾക്കും കുറവില്ല. സ്പോൺസർമാരുടെ മുന്നിൽ ഷോപീസാക്കിയെന്ന് ആരോപിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിൻമാറി. ക്ഷേത്രസന്ദർശനത്തിനിടെ വളണ്ടിയർമാരെ കൊണ്ട് മത്സരാർത്ഥികളുടെ കാൽ കഴുകിച്ചെന്ന ആരോപണവും സംഘാടകരെയും തെലങ്കാന സർക്കാരിനെയും പ്രതിരോധത്തിലാക്കി. അത് കൊണ്ട് തന്നെ ഗ്രാൻഡ് ഫിനാലെ പാളിച്ചകളില്ലാതെ പൂർത്തിയാക്കുക എന്നതാണ് വെല്ലുവിളി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സോനു സൂദിനെ ചടങ്ങിൽ ആദരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam