
ദില്ലി: യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സാഹചര്യം ആശങ്കാജനകമാണ്. നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു എന്നത് വിഷമകരമാണ്. ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിലവിൽ നടക്കുന്ന യുക്രെയ്ൻ - റഷ്യ ചർച്ചകളിൽ സമാധനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള വിർച്വൽ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.
"യുക്രെയ്ൻ ജനതയുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ഇക്കാലയളവിൽ അവർക്കായി മരുന്നുകളും മറ്റു ദുരിതാശ്വാസ സാമഗ്രികളും ഉക്രെയ്നിലേക്കും അതിന്റെ അയൽരാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ട്, അടുത്തിടെ യുക്രെയ്നിലെ ബുച്ച നഗരത്തിൽ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ വാർത്ത വളരെ ആശങ്കാജനകമായിരുന്നു. ഇന്ത്യ ഉടനെ ഈ സംഭവത്തെ അപലപിക്കുകയും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ബൈഡൻ സർക്കാർ അമേരിക്കയിൽ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുമായി നടക്കുന്ന ആദ്യ തന്ത്രപ്രധാന ഉച്ചക്കോടിയാണിത്. ഇരുരാഷ്ട്രത്തലവൻമാരുടേയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അമേരിക്കയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഞാൻ വാഷിംഗ്ടണിൽ വന്നപ്പോൾ, ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തോട് പൂർണ്ണമായും യോജിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഞങ്ങൾ സ്വാഭാവിക പങ്കാളികളാണ് - മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam