ഫേസ്ബുക്കില്‍ മോദിയോ ട്രംപോ മുന്നില്‍?; ഒടുവില്‍ ട്രംപ് സമ്മതിച്ചു

By Web TeamFirst Published Feb 21, 2020, 10:30 AM IST
Highlights

'അടുത്ത ആഴ്ച ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അവിടെ 150 കോടി ജനങ്ങളുണ്ട്. ഫേസ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതാണ്. നിങ്ങള്‍ക്കറിയാമോ ഒന്നാമതാരാണെന്ന്. അത് ഞാനാണ്'.-എന്നായിരുന്നു ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 

വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ നരേന്ദ്രമോദിയുടെ ജനപ്രീതിക്ക് പിന്നിലെ രഹസ്യത്തെക്കുറിച്ച് വാചാലനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 1.5 ബില്ല്യണ്‍(150 കോടി) ജനങ്ങളെയാണ് മോദി പ്രതിനിധാനം ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഫേസ്ബുക്കില്‍ അദ്ദേഹത്തിന് മുന്‍തൂക്കമുണ്ടായിരിക്കാമെന്ന് ട്രംപ് വ്യക്തമാക്കി. നേരത്തെ ഫേസ്ബുക്കിലെ നമ്പര്‍ വണ്‍, നമ്പര്‍ ടുവിന്‍റെ നാട്ടിലേക്ക് പോകുന്നുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. 

'അടുത്ത ആഴ്ച ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അവിടെ 150 കോടി ജനങ്ങളുണ്ട്. ഫേസ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതാണ്. നിങ്ങള്‍ക്കറിയാമോ ഒന്നാമതാരാണെന്ന്. അത് ഞാനാണ്'.-എന്നായിരുന്നു ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ കണക്കുകളില്‍ നരേന്ദ്ര മോദിയാണ് നമ്പര്‍ വണ്‍. 44 ലക്ഷം പേരാണ് നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നത്. ഡോണള്‍ഡ് ട്രംപിനെയാകട്ടെ 27 ലക്ഷം പേരും. 32.5 കോടിയാണ് അമേരിക്കയിലെ ജനസംഖ്യ. ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ട്രംപ് പറഞ്ഞതും തെറ്റാണ്. ഔദ്യോഗിക കണക്ക് പ്രകാരം 130 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. 

താനാണ് ഫേസ്ബുക്കിലെ നമ്പര്‍ വണ്‍ എന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്നെ അറിയിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിയാണ് മുന്നിലെന്ന് ബോധ്യപ്പെട്ടതോടെ ട്രംപ് അദ്ദേഹത്തെ അഭിനന്ദിച്ചു. മോദീ, ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. പക്ഷേ, നിങ്ങളുടെ ജനസംഖ്യ 150 കോടിയാണ്. എന്‍റേതാകട്ടെ 32.5 കോടിയും. അതിന്‍റെ മുന്‍തൂക്കം നിങ്ങള്‍ക്കുണ്ടെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കി.
ദാവോസിലെ ലോക എക്കണോമിക് ഫോറത്തിലും താനാണ് ഫേസ്ബുക്കില്‍ ഒന്നാമതെന്ന് ട്രംപ് പറഞ്ഞിരുന്നു. 

click me!