
ബിയാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തിൽ കശ്മീർ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ മോദി ബോറിസ് ജോൺസണെ അഭിനന്ദനമറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam