Ukraine crisis : 12 മലയാളികളുൾപ്പെടെ 249 ഇന്ത്യക്കാർ, റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി

Published : Feb 28, 2022, 08:45 AM ISTUpdated : Feb 28, 2022, 10:02 AM IST
Ukraine crisis : 12 മലയാളികളുൾപ്പെടെ 249 ഇന്ത്യക്കാർ, റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി

Synopsis

യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്

ദില്ലി: യുക്രൈനിൽ (Ukraine) നിന്ന് സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് കൂടുതൽ പേർ. റൊമേനിയയിൽ (Romania) നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്.മലയാളികൾ വിസ്താര, എയർ ഇന്ത്യ വിമാനങ്ങളിൽ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങും. 
ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ ഫ്ലൈറ്റിൽ കേരളത്തിലേക്ക് എത്തുക. 
തിരുവനന്തപുരത്തേക്ക് 5 പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയർ ഇന്ത്യ വിമാനം രാത്രി 8.30 ക്ക് എത്തും. 7.30 ക്ക് എത്തുന്ന ഇൻഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമാകും.

 

യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Narendra Modi) നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു.  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൌരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്കു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്നതും യോഗം   വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മ‍ർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.

യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഇന്നലെ കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേരും രാത്രി എട്ടരയോടെ ആറു പേരും വിമാനമിറങ്ങി. നെടുമ്പാശ്ശേരിയിൽ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, എന്നിവരും വിദ്യാർഥികളെ സ്വീകരിച്ചു. തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്നും എന്നാൽ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാൽ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാർഥികൾ പറഞ്ഞു. 

യുക്രൈൻ - റഷ്യ വിഷയത്തിൽ നിഷ്പക്ഷ നിലപാട് തുടരുമെന്നാവർത്തിച്ച് ഇന്ത്യ

റഷ്യയുടെ (russia)അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് (ukraine)ഇന്ത്യയുടെ (india) പരിപൂർണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും(un general assembly) നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി(india to remain neutral).നേരത്തേയും ഇന്ത്യ ഇത്തരമൊരു നിഷ്പക്ഷ നിലപാടാണ് തുടർന്നിരുന്നത്. ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് നേരത്തെ ഇന്ത്യ നവിട്ടു നിന്നിരുന്നു. ഇങ്ങനെ വിട്ടു നിന്നത് സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്നായിരുന്നു ഇന്ത്യുടെ നിലപാട്യ. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നും അന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് അന്ന് വിട്ടുനിന്നത്.

ഒൻപത് വരിയുള്ള പ്രസ്താവനയാണ് നിലപാട് വിശദീകരിച്ച് ഇന്ത്യ നടത്തിയത്. യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളിൽ വലിയ അസ്വസ്ഥതയുണ്ട്. അക്രമം അവസാനിപ്പിക്കണം. മനുഷ്യ ജീവൻ ഇല്ലാതാക്കി ഒരു വിഷയവും പരിഹരിക്കാനാവില്ല. യുഎൻ ചട്ടങ്ങൾ പാലിക്കണം. എല്ലാ രാജ്യങ്ങളുടെയും പരാമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ചർച്ചയിലൂടെ മാത്രമേ ഇപ്പോഴത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ചർച്ചയ്ക്കുള്ള എല്ലാ വഴിയും തേടണം. ഈ കാരണം കൊണ്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നായിരുന്നു വിശദീകരണം.

സമാധാനത്തിന് ഒരിടം കൂടി നൽകാനാണ് തീരുമാനം എന്ന് സർക്കാർ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകർക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി