
മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. റയാൻ മരിച്ചതായി മൊറോക്കൻ സർക്കാർ സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് കിണറിനകത്ത് നിന്ന് കുഞ്ഞിനെ പുറത്തെടുക്കാനായത്. ഒരു നാടിന്റെ മുഴുവൻ കാത്തിരിപ്പും സാമൂഹിക മാധ്യമങ്ങളിലെ സേവ് റയാൻ ക്യാംപെയ്നും വിഫലമാക്കിയാണ് റയാൻ വിട പറഞ്ഞത്.
കനത്ത മണ്ണിടിച്ചിൽ ഭീഷണി അതിജീവിച്ച് രക്ഷാപ്രവർത്തകർ രാത്രിയോടെ റയാന് സമീപമെത്തി. കുഞ്ഞിനേയും കൊണ്ട് രക്ഷാപ്രവർത്തകർ ആംബുലൻസിനകത്തേക്ക് ഓടി. തൊട്ടുപിന്നാലെ മാതാപിതാക്കളും ആംബുലൻസിലേക്ക് പാഞ്ഞു. സിനിമകളെ അനുസ്മരിക്കുന്ന രംഗത്തിനൊടുവിൽ പരിശോധനകൾക്ക് പിന്നാലെ റയാൻ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തി. കൊടുംതണുപ്പിനെ അതിജീവിച്ച് റയാൻ രക്ഷപ്പെടുന്നതും കാത്ത് തടിച്ചുകൂടിയവർ നിരാശരായി.
മൊറോക്കോയിലെ ഷെഫ്ചൗവൻ നഗരത്തിന് സമീപമുള്ള വീട്ടിനടുത്തുള്ള കുഴൽക്കിണറിലാണ് റയാൻ അകപ്പെട്ടത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് കുടുങ്ങിയത്. ഇടുങ്ങിയ കിണറിൽ 32 മീറ്റർ താഴ്ചയിൽ കുട്ടിയുണ്ടെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഓക്സിജനും വെള്ളവും ഭക്ഷണവും കുഴിക്കകത്തേക്ക് എത്തിച്ചു. ഇതിനൊപ്പം കിണറിന് സമീപത്ത് നിന്ന് മണ്ണ് നീക്കി കുഞ്ഞിനടുത്തേക്ക് എത്താനുള്ള ശ്രമവും തുടങ്ങി. പാറകളെയും മണ്ണിടിച്ചിലിനെയും അതിജീവിച്ചുള്ള ദൗത്യം ഒടുവിൽ കുഞ്ഞിനടുത്തെത്തിെയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് മരിച്ചതായി അറിയിപ്പ് വന്നതിന് പിന്നാലെ റയാന്റെ മാതാപിതാക്കളെ മൊറോക്കൻ രാജാവ് മുഹമ്മദ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam