'സെറ്റിട്ടത് ഇറാന് അകത്തുതന്നെ, പതിവെല്ലാം തെറ്റിച്ച് തയ്യാറെടുപ്പ് വീഡിയോ പുറത്ത് വിട്ട് മൊസാദ്', ആക്രമണ വിശദാംശങ്ങളുമായി ഇസ്രയേൽ മാധ്യമം

Published : Jun 14, 2025, 02:12 PM IST
Mossad claims to show Israeli agents in Iran

Synopsis

ആണവ പദ്ധതികളിലെ സുപ്രധാന ആളുകളുടെ വിവരം ശേഖരിച്ച് കൃത്യമായ ടാർഗറ്റുകൾ ഒരുക്കി. ഇറാന്റെ വായു പ്രതിരോധ സംവിധാനങ്ങളേയും മിസൈൽ ശൃംഖലയേയും തകർക്കാനുള്ള ഒരുക്കം ഇറാനിൽ തന്നെ തയ്യാറാക്കിയെന്നും ഇസ്രയേൽ മാധ്യമം

ടെൽ അവീവ്: ഇറാന്റെ പ്രത്യാക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെങ്കിലും രാജ്യത്തെ ചാര സംഘടനയുടെ പ്രവർത്തനത്തിന്റെ വലിയ വിജയമായാണ് കഴിഞ്ഞ ദിവസം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് സമീപമുള്ള ആക്രമണത്തെ ഇസ്രയേൽ നിരീക്ഷിക്കുന്നത്. ഇത് വിശദമാക്കുന്നതാണ് രാജ്യത്തെ ചാര സംഘടനയായ മൊസാദ് ഇറാനിൽ ഡ്രോൺ ബേസ് തയ്യാറാക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട ഇസ്രയേൽ നടപടി. പതിവുകൾ തെറ്റിക്കുന്നതാണ് മൊസാദിന്റെ പ്രവർത്തന രീതികൾ പുറത്തേക്ക് വരുന്നത്. ജൂൺ 13ന് ഇറാനിൽ നടത്തിയ ആക്രമണത്തേക്കുറിച്ച് ഇസ്രയേൽ സുരക്ഷാ സേനയിലെ ഉന്നതരെ ഉദ്ധരിച്ചുള്ള വിവരങ്ങളാണ് ഇസ്രയേലി മാധ്യമയായ ദി ടൈംസ് ഓഫ് ഇസ്രയേൽ പുറത്ത് വിട്ടത്. വീഡിയോ സഹിതമാണ് ഇതെന്നാണ് ശ്രദ്ധേയമായ കാര്യം. ഓപ്പറേഷൻ ആം കലാവി എന്ന പേരിലാണ് ജൂൺ 13ന് നടത്തിയതെന്നാണ് ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ഐഡിഎഫ്, മൊസാദ്, ഇസ്രയേൽ പ്രതിരോധ വ്യവസായ എന്നിവ സംയുക്തമായാണ് ഈ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അണ്ടർ കവ‍ർ ഏജന്റുമാർ ഇറാനിലെത്തി ഓപ്പറേഷന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയെന്നും ഇസ്രയേൽ മാധ്യമം വ്യക്തമാക്കുന്നു. ഈ ഓപ്പറേഷനായി രണ്ട് സുപ്രധാന ഘടകമായിരുന്നു ഉണ്ടായിരുന്നത്. ഇറാനിലെ ആണവ പദ്ധതികളിലെ സുപ്രധാന ആളുകളുടെ വിവരം ശേഖരിച്ച് കൃത്യമായ ടാർഗറ്റുകൾ ഒരുക്കുകയാണ് ആദ്യം ചെയ്തത്. രണ്ടാമതായി ഇറാന്റെ വായു പ്രതിരോധ സംവിധാനങ്ങളേയും മിസൈൽ ശൃംഖലയേയും തകർക്കാനുള്ള ഒരുക്കം ഇറാനിൽ തന്നെ തയ്യാറാക്കിയെന്നും ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് മൂന്ന് നെടും തൂണുകളാണ് ഉണ്ടായതെന്നാണ് ഇസ്രയേൽ മാധ്യമം അവകാശപ്പെടുന്നത്.

1.ഇറാനിൽ തന്നെ സജ്ജമാക്കിയ മിസൈൽ സംവിധാനം: പ്രത്യേക മൊസാദ് കമാൻഡോ യൂണിറ്റുകൾ മിസൈൽ സംവിധാനം മധ്യ ഇറാനിൽ തയ്യാറാക്കി. ഇവ ആക്രമണ സമയത്ത് വിദൂരത്ത് നിന്ന് ആക്ടിവേറ്റ് ചെയ്തു

2.രഹസ്യ വാഹനങ്ങളിൽ നിന്നുള്ള ആക്രമണം: സാങ്കേതിക വിദ്യാ സഹായത്തിൽ മോഡിഫൈ ചെയ്ത വാഹനങ്ങൾ ഇറാനിലേക്ക് രഹസ്യമായി ഒളിച്ച് കടത്തി. ഇവ ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെ ലൊക്കേഷനുകളോട് ചേർന്ന് തന്നെ സ്ഥാപിച്ചു. ഇങ്ങനെ ഇസ്രയേലി വ്യോമ സേനയ്ക്ക് ഇറാനെ ആക്രമിക്കാനായി ഇറാനിലെ എയ‍ർ സ്പേയ്സ് വ്യക്തമാക്കി നൽകി

3.ടെഹ്റാന് സമീപത്തെ രഹസ്യ ഡ്രോൺ ബേസ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് സമീപം തന്നെ അതീവ രഹസ്യമായി ഡ്രോൺ ബേസ് തയ്യാറാക്കി. ഇവിടെ ആയുധങ്ങൾ ശേഖരിച്ചു. ഇറാന്റെ നിർണായ മിസൈലുകളെ ഇത്തരത്തിൽ ഇറാനിൽ വച്ച് തന്നെ ഡ്രോണുകൾ ഉപയോഗിച്ച് തടഞ്ഞു

ഒരു വർഷത്തോളം സമയമെടുത്താണ് ഇറാന്റെ ആണവ ശാസ്ത്രജ്ഞരുടെ വിവരം തയ്യാറാക്കിയത്. ആണവ കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും മുതി‍ർന്ന സൈനിക ഉദ്യോഗസ്ഥരുടേയും പട്ടിക തയ്യാറാക്കിയത് ഇസ്രയേലിന്റെ മിലിട്ടറി ഇൻറലിജൻസ് ഡയറക്ടറേറ്റാണെന്നാണ് ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ആദ്യത്തെ ആക്രമണം പ്രാദേശിക സമയം മൂന്ന് മണിയോടെ നടന്നു. ലക്ഷ്യമിട്ടവരിൽ ചില‍ർ ബങ്കറുകളിലും അവരുടെ വസതികളിലും ആയിരുന്നു. ഡ്രോണുകളിലും യുദ്ധ വിമാനങ്ങളും ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിൽ ലക്ഷ്യം കണ്ടു. ഈ ഘട്ടത്തിൽ സൈനിക സഹായം തേടിയില്ലെന്നും ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

200 യുദ്ധ വിമാനങ്ങളാണ് ആക്രമണത്തിനായി ഇസ്രയേൽ ഉപയോഗിച്ചതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെത്തി മൊസാദ് ഏജന്റുമാർ മിസൈലുകൾ സജ്ജമാക്കുന്ന വീഡിയോകളും ടെഹ്റാനിന് സമീപം ഡ്രോണുകൾ തയ്യാറാക്കുന്നതുമായ വീഡിയോകളും പുറത്ത് വിട്ടിട്ടുണ്ട്. 80 വ‍ർഷത്തോളമായി അണ്ടർ കവർ ഓപ്പറേഷനുകളിൽ സജീവമായിട്ടുള്ള മൊസാദ് ധീരമായ ചാരവൃത്തി, സാങ്കേതിക കണ്ടുപിടിത്തം, സമാനതകളില്ലാത്ത അക്രമം എന്നിവയ്ക്ക് കുപ്രസിദ്ധമാണ്. ലൈബനോനിൽ വാക്കി ടോക്കികളും പേജറുകളും ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്തിയതിന് വെറും 10 മാസങ്ങൾക്ക് ഇപ്പുറമാണ് ഇറാനിലെ മൊസാദിന്റെ ഓപ്പറേഷൻ എന്നതും ശ്രദ്ധേയമാണ്. ലെബനോനിലെ ആക്രമണത്തിൽ 37 പേരാണ് കൊല്ലപ്പെട്ടത്, 3000ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ