
ഇറ്റാലിയൻ ആർട്ട് ഗാലറിയിലെ പലാസോ മാഫിയിൽ 'വാൻ ഗോഗ് ചെയർ' ഭാഗികമായി തകർന്നു. പ്രദർശനം കാണാനെത്തിയ ഒരു വിനോദ സഞ്ചാരി കയറി ഇരുന്നതാണ് ചെയർ പൊട്ടാൻ കാരണമായത്. വിനോദ സഞ്ചാരിയുടെ ഭാരം താങ്ങാനാകാതെ കസേര ഒടിയുകയായിരുന്നു. ഇയാളും വീഴാനായി പോയെങ്കിലും ചുമരിൽ കൈ വച്ചത് കാരണം വീഴാതെ രക്ഷപ്പെടുകയായിരുന്നു. ടൂറിസ്റ്റിനൊപ്പമെത്തിയ സ്ത്രീയാണ് ഇയാളെ കൈ പിടിച്ച് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ഇറ്റാലിയൻ ആർട്ട് ഗാലറിയിലെ സെക്യൂരിറ്റി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
വെറോണയിലെ മാഫി കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഈ കസേര നൂറുകണക്കിന് സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഉപയോഗിച്ച് പണിതതാണെന്ന് വിശ്വസിക്കപ്പെടുന്നു. വിനോദസഞ്ചാരിയായ ഇയാൾ ആദ്യം ഫോട്ടോയ്ക്കായി പോസ് ചെയ്യാനായി കസേരയിൽ ഇരിക്കുന്നതായി ഭാവിക്കുന്നു. എന്നാൽ ഇതിനിടെ യഥാർത്ഥത്തിൽ കസേരയിൽ ഇരിക്കുകയായിരുന്നു. വീഴാൻ പോയ ഇയാളെ പിന്നീട് കൂടെയുള്ള സ്ത്രീ പിടിച്ചേൽപ്പിച്ചു. പിന്നീട് ഈ വിവരം മ്യൂസിയം അധികൃതരെ അറിയിക്കുന്നതിനുപകരം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. വിനോദസഞ്ചാരികളുടെ നിരുത്തരവാദപരമായ പ്രവൃത്തി പുറം ലോകത്തെ അറിയിക്കാൻ മ്യൂസിയം അധികൃതർ സോഷ്യൽ മീഡിയയിലൂടെ സിസിടിവി ദൃശ്യങ്ങൾ പങ്കുവക്കുകയായിരുന്നു.
ആർട്ട് ഗാലറിയിലെത്തിയ വിനോദ സഞ്ചാരിയുടെ അശ്രദ്ധയും അജ്ഞതയും ഉത്തരവാദിത്വമില്ലായ്മയുമാണ് ഇതിലൂടെ മനസിലാകുന്നതെന്നടക്കം സോഷ്യൽ മീഡിയയിലും വലിയ വിമർശനങ്ങളുയരുകയാണ്.