
ലഹോർ: ലഷ്കർ ഇ ത്വയ്ബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് (67) നേരെ വീണ്ടും വെടിവെയ്പ്പ്. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പ്രതികാരം ചെയ്യുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഷ്‌കർ കമാൻഡർ അമീർ ഹംസയ്ക്ക് വെടിയേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് ലാഹോറിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ അമീറിന് നേരെ ആക്രമണം നടത്തിയത്. പാകിസ്ഥാൻ ജഡ്ജി നസീർ അഹമ്മദ് ഗാസിക്കൊപ്പം ന്യൂസ് 24 (പാകിസ്ഥാൻ) ന്റെ ചർച്ചയിൽ പങ്കെടുത്ത് മടങ്ങവേ അമീർ ഹംസ സഞ്ചരിച്ചിരുന്ന കാറിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ അമീർ ഹംസയുടെ തോളിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’ വിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ആക്രമണമെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്‍റുകൾ. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ ഇ ത്വയ്ബ നേതാവ് ഹംസയ്ക്ക് നേരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്.
2025 മേയ് മാസത്തിൽ നടന്ന വെടിവയ്പ്പിൽ നിന്നും അമീർ രക്ഷപ്പെട്ടിരുന്നു. 2000 കളുടെ തുടക്കത്തിൽ, ഇന്ത്യയിൽ ലഷ്കർ ഇ ത്വയ്ബയുടെ താവളങ്ങൾ സ്ഥാപിക്കാൻ ഹംസയെ ചുമതലപ്പെടുത്തിയിരുന്നു. 2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു നേരെ നടന്ന ആക്രമണത്തിൽ അമീർ ഉൾപ്പെട്ടതായാണ് വിവരം. 2012ലാണ് ഹംസയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 'അഫ്ഗാൻ മുജാഹിദ്ദീൻ' എന്ന് അറിയപ്പെടുന്ന ഈ ലഷ്‌കർ നേതാവ് ലഷ്കർ മേധാവി ഹാഫിസ് സയ്യിദുമായി അടുത്ത ബന്ധമുള്ളയാളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam