'എന്റെ മകൻ ഒരു തെറ്റ് ചെയ്തു'; ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

Published : Jun 04, 2025, 02:05 PM ISTUpdated : Jun 04, 2025, 02:08 PM IST
'എന്റെ മകൻ ഒരു തെറ്റ് ചെയ്തു'; ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

Synopsis

മോഷണക്കുറ്റത്തിന് ആറ് മാസത്തെ തടവ് അനുഭവിച്ചു വരികയായിരുന്ന മകൻ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയതായി അമ്മ പറഞ്ഞു.

കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ചേൽപ്പിച്ചത്. മാതാവിന്റെ നടപടിയെ വാഴ്ത്തി പാക് സോഷ്യൽമീഡിയ രം​ഗത്തെത്തി. മോഷണക്കുറ്റത്തിനാണ് ഇവരുടെ മകൻ ജയിലിലായത്. എന്റെ മകൻ ഒരു തെറ്റ് ചെയ്തു, പക്ഷേ ഞാൻ തന്നെ അവനെ തിരികെ കൊണ്ടുവന്നു. ദയവായി അവനെ ഉപദ്രവിക്കരുത്- അവർ ജയിലിന് മുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.  

മോഷണക്കുറ്റത്തിന് ആറ് മാസത്തെ തടവ് അനുഭവിച്ചു വരികയായിരുന്ന മകൻ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയതായി അമ്മ പറഞ്ഞു. എന്നാൽ ജയിലിലേക്ക് തന്നെ മടങ്ങാൻ അമ്മ അവനെ നിർബന്ധിച്ചു. മാലിർ ജയിൽ വരെ അമ്മ അവനോടൊപ്പം പോയി ജയിൽ അധികാരികൾക്ക് കൈമാറി. തന്റെ മകൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു സുഹൃത്തിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതിനാണ് ജയിലിലടച്ചതെന്നും പിതാവ് പറഞ്ഞു. ജയിലിൽ നിന്ന് ഓടിപ്പോകരുതെന്ന് ഞാൻ അവനോട് പറഞ്ഞു. ഓടുന്നത് കണ്ടാൽ അവർക്ക് നിന്നെ വെടിവയ്ക്കാൻ കഴിയുമെന്നും തിരികെ പോകുന്നതാണ് നല്ലതെന്നും അവനെ പറഞ്ഞ് മനസ്സിലാക്കിയെന്നും അവർ പറഞ്ഞു. 

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെ 216 തടവുകാർ ജയിൽ ചാടിയ കൂട്ടത്തിലാണ് ഇവരുടെ മകനും രക്ഷപ്പെട്ടത്. ജയിൽ ഭിത്തികളിൽ വിള്ളലുണ്ടായതിന് പിന്നാലെ സെല്ലുകളുടെ വാതിലുകളും പൂട്ടുകളും തകർത്തും ജനലുകൾ പൊളിച്ചും തടവു പുള്ളികൾ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തീവ്രവാദ കേസിലെ പ്രതികൾ ഉൾപ്പെടെ  അയ്യായിരത്തോളം തടവുകാരെ പാർപ്പിച്ചിരുന്ന കാറാച്ചിയിലെ മലിർ ജയിലിലാണ് സംഭവം. പാകിസ്ഥാനിലെ കുപ്രസിദ്ധരായ നിരവധി തടവുകാരും ഇവിടെയുണ്ടായിരുന്നു. 

റിക്ടർ സ്കെയിലിൽ 3.2 മുതൽ 3.6 വരെ തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് ചൊവ്വാഴ്ച കറാച്ചിയിലുണ്ടായത്. ഭൂചലനത്തിൽ ജയിൽ ഭിത്തികളിൽ വിള്ളലുണ്ടായതോടെ തടവുകാർ ഭയന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി. ഇതിനൊടുവിലാണ് വാതിലുകളും ജനലുകളും തകർത്ത് തടവുകാർ പുറത്തിറങ്ങി രക്ഷപ്പെട്ടത്. ജയിൽ തകർന്നുവീഴുമെന്ന് പേടിച്ച് തടവുപുള്ളികൾ സെല്ലുകളിലും ബാരക്കുകളിലും കിടന്ന് നിലവിളിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് ബിബിസിയോട് വിശദീകരിച്ചു. അതേസമയം സംഭവം സുരക്ഷാ വീഴ്ചയല്ലെന്നും പ്രകൃതി ദുരന്തത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ